
കോഴിക്കോട് : ആഘോഷങ്ങളോടോ ഔപചാരികതകളോടോ ഒരുകാലത്തും എം ടി പ്രതിപത്തി പുലര്‍ത്തിയിട്ടില്ല. 89 ആം പിറന്നാള്‍ ദിനത്തിലും ആഘോഷങ്ങളുടെ നിറപ്പകിട്ടോ സന്ദര്‍ശകരുടെ തിരക്കോ എം ടിക്ക് മുന്നിലില്ല. ജന്‍മദിനമായ ജൂലൈ 15 ന് ചടങ്ങുകളൊന്നും ഇല്ലെങ്കിലും ജന്‍മ നക്ഷത്രമായ ജൂലൈ 19ന് കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടില്‍ ചെറിയൊരു സദ്യ പതിവുണ്ട്. ഇത്തവണയും അതില്‍ കൂടുതലൊന്നുമില്ല. പത്ത് കഥകള്‍ സിനിമയാവുന്നു എന്നതാണ് ഇക്കുറി പിറന്നാള്‍ വേളയില്‍ എം ടിയെ ഏറെ സന്തോഷിപ്പിക്കുന്നത്.
മുമ്പ് മൂകാമ്പികയിലൊക്കെ പോകുമായിരുന്നു. കൊവിഡിന് ശേഷം യാത്രകള്‍ ചുരുക്കി. ജന്‍മനാടായ കൂടല്ലൂരിലേക്ക് യാത്ര പോയിട്ട് മൂന്ന് വര്‍ഷത്തോളമായി.വായന മുടങ്ങുന്നതിന്‍റെ അസ്വസ്തതയുണ്ട് എം ടിക്ക്. അടുത്ത വര്‍ഷം നവതിയാണെന്ന് ആഹ്ളാദത്തോടെ ഓര്‍മ്മപ്പെടുത്തുന്നവരോട് പതിവില്‍ കവിഞ്ഞൊരു പ്രതികരണവും എം ടി നടത്താറില്ല. ഇത്തവണയും കൊട്ടാരം റോഡിലെ സിത്താരയില്‍ പ്രിയകഥാകാരനുളള പിറന്നാള്‍ ആശംസകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഒരു പിറന്നാളിന്‍റെ ഓര്‍മ്മ എന്ന തന്‍റെ കഥയിലെ വരികളിലെ അതേ വികാരമാണ് എംടിക്ക് എക്കാലവും ..ആ വരികളിങ്ങിനെ .നാളെ എന്‍റെ പിറന്നാളാണ് എനിക്ക് ഓര്‍മ്മ ഉണ്ടായിരുന്നില്ല, അവളുടെ എഴുത്തില്‍ നിന്നാണത് മനസിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam