
തിരുവനന്തപുരം: ഒരു തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാൻ ആവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ട് വര്‍ഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ നിരോധിക്കാന്‍ പോയാല്‍ അതിന്‍റെ അനന്തര ഫലം വര്‍ഗീയ ശക്തിപ്പെടും എന്നതായിരിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയില്‍ സിഐടിയു ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍.
അതേസമയം, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. 215 പേരെ. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇന്നും പൊലീസ് റെയ്ഡ് തുടരുകയാണ്. ഇന്നലെ തുറക്കാതിരുന്ന സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. മട്ടന്നൂർ, പാലോട്ടുപള്ളി, ചാവശ്ശേരി ഭാഗങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു ഇന്നത്തെ പരിശോധന. വെളളിയാഴ്ച്ചത്തെ ഹർത്താലിൽ അക്രമം ആസൂത്രണം ചെയ്തവരെ കണ്ടെത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യം. ജില്ലയിലെ പത്തിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ ആക്രമണ സംഭവങ്ങളുടെ ഗൂഡാലോചന തെളിയിക്കാമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, എന്‍ഐഎ അറസ്റ്റ് ചെയ്ത പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam