
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന വി ശിവൻകുട്ടി പറഞ്ഞത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍. നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ല. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വി ഡി സതീശന്റെ 100 സീറ്റ് അവകാശവാദത്തെയും ഗോവിന്ദൻ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ല. സതീശൻ ബോംബ് പൊട്ടും എന്ന് പണ്ട് പറഞ്ഞില്ലേ. നൂറ് സീറ്റും ബോംബ് പോലെ പൊട്ടുമെന്നാണ് പരിഹാസം. ആന്റണി രാജുവിന്റെ കേസ് പതിറ്റാണ്ടുകൾക്ക് മുൻപുള്ളത്. അതിൽ ഞങ്ങൾക്കെന്ത് തിരിച്ചടിയാണ് ഉള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുന്നതിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേമത്ത് മത്സരിക്കാനില്ലെന്ന വി ശിവൻകുട്ടിയുടെ തുറന്ന് പറച്ചിൽ തലസ്ഥാന സിപിഎമ്മിലുണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടിയെന്ന് പിന്നീട് തിരുത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വലിയ ചര്‍ച്ചയായി. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് നേമം. ഇവിടെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇറങ്ങി നിൽക്കുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. നേമത്ത് ശിവൻകുട്ടിയല്ലാതെ മറ്റാരെന്ന് സിപിഎമ്മിന് ഒരു സംശയവും ഇല്ലെന്നിരിക്കെയാണ് മത്സരിക്കാൻ ഇല്ലെന്ന പ്രഖ്യാപനം. മത്സരത്തിന് ഒരുക്കാൻ അനൗദ്യോഗിക നിര്‍ദ്ദേശം പാര്‍ട്ടി നൽകിയിട്ടും ചുമതലക്കാരെ റോസ് ഹൗസിലേക്ക് വിളിച്ച് വരുത്തി മന്ത്രി മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടും ചുരുങ്ങിയത് ഒരുമാസമെങ്കിലുമായി. നേമത്തെ വോട്ടര്‍മാരുടെ എസ്ഐആര്‍ നടപടി ക്രമങ്ങളിലൊക്കെ മന്ത്രിയോട് അടുത്ത വൃത്തങ്ങൾ സജീവമായി ഇടപെടുന്നുണ്ട്. ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കൾ കൂട്ടത്തോടെ പിൻമാറുമെന്നും അതിന്‍റെ തുടക്കമാണ് ശിവൻകുട്ടി പറഞ്ഞതെന്നും പ്രതിപക്ഷ നേതാക്കൾ വരെ ഏറ്റുപിടിച്ചതോടെയാണ് അബദ്ധം മനസിലാക്കി മണിക്കൂറൊന്ന് തികയും മുമ്പേ മന്ത്രി തിരുത്തിയത്.
തൊണ്ടിമുതൽ കേസിൽ കോടതി വിധിയോടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായ ആന്‍റണി രാജുവിന് പകരം തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന ചര്‍ച്ച സിപിഎമ്മിൽ സജീവമാണ്. നേമത്ത് നിന്ന് വി ശിവൻകുട്ടിയുടെ പിൻമാറ്റ പ്രഖ്യാപനം ആ അര്‍ത്ഥത്തിൽ വരെ ചര്‍ച്ചയുമായി. എന്ത് വിലകൊടുത്തും ബിജെപിയെ പ്രതിരോധിക്കുകയെന്ന പ്രഖ്യാപിത നയം നിലനിൽക്കെ അവധാനതയില്ലാത്ത പ്രതികരണങ്ങഴളിൽ പാര്‍ട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam