'വൈരുദ്ധ്യാത്മക ഭൗതികവാദ' വിവാദം, വിശദീകരണവുമായി എം വി ഗോവിന്ദൻ

By Web TeamFirst Published Feb 7, 2021, 5:20 PM IST
Highlights

നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല ഇത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദം സംബന്ധിച്ച നിലപാട് ആവ‍ർത്തിച്ച് സിപിഎം നേതാവ് എം വി ഗോവിന്ദൻ രംഗത്തെത്തി. കഴിഞ്ഞ ദിവസം കണ്ണൂർ കെഎസ്ടിഎ യോഗത്തിൽ നടത്തിയ പരാമർശം ചർച്ചയായതിന് പിന്നാലെയാണ് നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ ഗോവിന്ദൻ വ്യക്തമാക്കിയത്. നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല ഇത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

എം വി ഗോവിന്ദന്‍റെ വാക്കുകള്‍

'വൈരുദ്ധ്യാത്മക ഭൗതികവാദം ജനാധിപത്യവിപ്ലവം പോലും നടക്കാത്ത ഇന്ത്യയിൽ, ഇന്ത്യയിലെ ഭ്യൂഡൽ ജീർണത അതിന്‍റെ മേലെ പടുത്തുയർത്തിയിട്ടുള്ള മുതലാളിത്ത വികസന പാത, ആ മുതലാളിത്ത വികസന പാത കൈകാര്യം ചെയ്യുന്ന ഭരണ വർഗം തന്നെ കുത്തക മുതലാളിത്തത്തിന്‍റെയും ഭൂപ്രഭുത്വത്തിന്‍റെയും ധനമൂലധന ശക്തികളുടെയും താത്പര്യം സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന പശ്ചാത്തലത്തിൽ, വര്‍ഗീയമായ നിലപാടുകളെ, ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഫലപ്രദമായിട്ട് പ്രതിരോധിക്കേണ്ടുന്ന പ്രശ്നം കൈകാര്യം ചെയ്യുമ്പോഴാണ് എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദ നിലപാട് എന്നും വൈരുദ്ധ്യാത്മക ഭൗതികവാദ നിലപാടിന്‍റെ ഇന്നത്തെ ഇന്ത്യൻ വസ്തുതയിലേക്കുള്ള പ്രവേശനമെന്ന് ചൂണ്ടികാണിച്ചത്.

ഇന്നത്തെ ഇന്ത്യന്‍ പരിതിസ്ഥിതിയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദമാണ് പകരം വെക്കേണ്ടുന്ന ആശയതലത്തിലുള്ള പ്രധാനപ്പെട്ട കാര്യമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. പക്ഷേ ഫ്യൂഡല്‍ സമൂഹത്തിന്‍റെ ആശയപരമായ നിലപാട്, ജീര്‍ണ്ണമായ സാമൂഹിക അവബോധമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ആ നിലപാട് അവസാനിപ്പിക്കുന്ന വര്‍ഗവീക്ഷണവും വര്‍ഗനിലപാടും ഉയര്‍ന്നുവരാത്ത പശ്ചാത്തലത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കുന്നതിന് വേണ്ടി യോജിക്കാവുന്ന മുഴുവന്‍ ശ്കതികളെയും യോജിപ്പിച്ച് അണിനിരത്തുക എന്നുള്ള നിലപാടാണ് സ്വീകരിക്കേണ്ടത്. അതില്‍ വിശ്വാസികളും അവിശ്വാസികളും ഉള്‍ക്കൊള്ളും. 

വൈരുദ്ധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിചേര്‍ത്തുകൊണ്ട് ഇന്നത്തെ ഇന്ത്യന്‍ സൗഹചര്യത്തില്‍ ഫ്യൂഡല്‍ മാടമ്പിത്തരത്തെയും അതിന്‍റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും അതിന്‍റെ ആശയങ്ങളെയും നേരിടുന്നതിന് നമുക്ക് സാധിക്കില്ല. എല്ലാവരെയും വര്‍ഗപരമായി ചേര്‍ത്തുകൊണ്ട് യോജിപ്പിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുക. വിശ്വാസിയെയും അവിശ്വാസിയെയും യോജിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന പശ്ചാത്തലം ഇന്ത്യന്‍ സമൂഹത്തിന്‍റെ ഭാഗമായി ഉത്പാദിപ്പിച്ചിട്ടുണ്ട്. ആ നിലാപടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ പ്രയോഗമെന്ന രീതിയില്‍ നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുക. 

വര്‍ഗസമരവും വര്‍ഗവിപ്ലവും ലോകത്ത് ഉയര്‍ന്ന് വരും. അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നമുക്കാവണം. അതിന് വൈരുദ്ധ്യാത്മക ഭൗതികവാദം തന്നെയാണ് അടിസ്ഥാനപരമായി എടുക്കേണ്ടത്. വിശ്വാസികളുടെ സമൂഹമാണ് ഇത്. വിശ്വാസികള്‍ക്ക് പള്ളിയില്‍ പോകാന്‍ സാധിക്കണം, പോകണ്ടാത്തവര്‍ക്ക് അതിനും സാധിക്കണം. ഈ ജനാധിപത്യപരമായ അവകാശം കാത്തുസൂക്ഷിച്ച് മാത്രമേ മാര്ക്സിസത്തിന്‍റെ ഉയര്‍ന്നതലത്തിലേക്ക് പോകാന്‍ സാധിക്കു എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വിശ്വാസികളോടുള്ള സമീപനം പാർട്ടി മാറ്റിയെന്ന നിലയിലാണ് ഗോവിന്ദൻ്റെ നിലപാട് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയാണ് ഈ നീക്കമെന്നാണ് വ്യക്തമാകുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അകന്ന വിശ്വാസി സമൂഹത്തെയാണ് ആദ്യ ലക്ഷ്യമിടുന്നത്. പുതിയ രാഷ്ട്രീയ  സാഹചര്യത്തിൽ ക്രിസ്ത്യൻ മതവിശ്വാസികളെ കൂടി അടുപ്പിക്കാനുള്ള ശ്രമമായും ഇതിനെ കാണാം. പുരോഗനമവാദികളെ അവഗണിക്കാനും വോട്ട് ബാങ്കിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള നീക്കമെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്.

click me!