
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജി വച്ച് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന എം.വി.ഗോവിന്ദന് മുൻഗാമിയുണ്ട്. സാക്ഷാൽ പിണറായി വിജയൻ. നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരിക്കെയാണ്, ചടയൻ ഗോവിന്ദന് പകരക്കാരനായി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. അതും വൈദ്യുതി-സഹകരണ വകുപ്പുകളുടെ ചുമതല ഒഴിഞ്ഞ്. പിന്നീടുണ്ടായത് ചരിത്രം. പാർട്ടിയിൽ എല്ലാ അധികാര കേന്ദ്രങ്ങളും തന്നിലേക്ക് മാത്രമായി ചുരുക്കിയ പിണറായി, എതിരെ നിന്നവരെ ഒരോരുത്തരെയായി ഒഴിവാക്കി. സാക്ഷാൽ വി.എസിനെ ഉൾപ്പെടെ. കണ്ണൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങൾ പിണറായിയെ അനിഷേധ്യ നേതാവാക്കി. ഒടുവിൽ ചരിത്രത്തിലാദ്യമായി അധികാരത്തുടർച്ച ഉറപ്പാക്കി തുടരെ രണ്ടാം വട്ടവും മുഖ്യമന്ത്രിയുമായി. 2015ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറി പദവി ഒഴിഞ്ഞപ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ അധികാരത്തിലേക്ക് എത്തുന്നത്. അന്നുതൊട്ട് സ്ഥാനമൊഴിയുന്ന ഇന്നു വരെയും പിണറായിയുടെ ശബ്ദം തന്നെയായിരുന്നു കോടിയേരിക്ക്.
എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, കോടിയേരി ഒഴിഞ്ഞു
അനാരോഗ്യത്തെ തുടർന്ന് കോടിയേരി മാറിയ ഒഴിവിലാണ് എം.വി.ഗോവിന്ദനിലേക്ക് ആ ദൗത്യം എത്തുന്നത്. സാഹചര്യങ്ങളെല്ലാം മുന്നത്തേതിന് സമാനം. അസുഖത്തെ തുടർന്ന് കോടിയേരി ഒഴിയുന്നു. പകരക്കാരനിലേക്കുള്ള ചർച്ച മന്ത്രിയായ എം.വി.ഗോവിന്ദനിലേക്കെത്തുന്നു. നിലവിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമൻ എന്ന മേൽവിലാസവുമായാണ് ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കുന്നത്. പിണറായിയുടെ കാർക്കശ്യത്തിന് പകരം സൗമ്യതയുടെ മുഖവുമായി. ഭാരിച്ച ഉത്തരവാദിത്തവുമായി.
CPM: 'സൗമ്യൻ, എല്ലാവർക്കും സ്വീകാര്യൻ', പാർട്ടിയെ ഇനി ഗോവിന്ദൻ നയിക്കും
സംസ്ഥാന ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച ഇടതുപക്ഷം ഉറപ്പാക്കിയപ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരിയായിരുന്നു. പാർട്ടിയും സർക്കാരും രണ്ടല്ല എന്ന് അണികളെ ഓർമിപ്പിച്ച കോടിയേരിക്ക് പകരം ഗോവിന്ദൻ എത്തുമ്പോൾ, അദ്ദേഹത്തിന് മുന്നിൽ ഉത്തരവാദിത്തങ്ങളെറെയാണ്. അടുത്ത തലമുറയെ തയ്യാറാക്കേണ്ട ചുമതല ഇനി ഗോവിന്ദനാണ്. ഒപ്പം പിണറായി വിജയനും തുടർന്ന് കോടിയേരിയും ഉറപ്പാക്കിയ കെട്ടുറപ്പ് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam