
തൃശൂര്‍: മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച വിഷയത്തിൽ മറുപടിയുമായി സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശകരിച്ചതല്ല, പ്രസംഗത്തിനിടെ മൈക്കിനോട് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോൾ, അതെനിക്കറിയാമെന്ന് പറഞ്ഞതാണ്. മൈക്ക് ഉപയോഗിക്കുന്നതിന്‍റെ സാങ്കേതിക വശത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശകാരിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.
തൃശ്ശൂർ മാളയിൽ ജനകീയ പ്രതിരോധ ജാഥ എത്തിയപ്പോഴായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെയാണ് യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയത്. മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാൻ യുവാവ് പറഞ്ഞത് എം വി ഗോവിന്ദന് ഇഷ്ടപ്പെട്ടില്ല. പിന്നാലെയാണ് ശകാരം. അതേസമയം, ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ പുതുക്കാട് എത്തിച്ചേര്‍ന്നു.
സർവ്വ മേഖലകളിലും കേന്ദ്രം കേരളത്തോട് കടുത്ത അവഗണന തുടരുകയാണ് എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയത ആളിക്കത്തിച്ച് രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ സംഘപരിവാർ നേതൃത്വത്തിൽ മറുഭാഗത്ത് ശക്തിപ്പെട്ടു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഥ ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. തൃശൂർ ജില്ലാ അതിർത്തിയായ പൊങ്ങത്ത് ജാഥയെ സ്വീകരിക്കും. തുടർന്ന് അങ്കമാലി, ആലുവ, പറവൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്നാണ് ജനകീയ പ്രതിരോധ ജാഥ തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam