
സുല്‍ത്താന്‍ബത്തേരി: പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ തലമുടിയെ പ്രതിപാദിച്ച് സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍. എല്‍ഡിഎഫ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെൻഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും തലമുടിയെ ജയരാജന്‍ ട്രോളിയത്.
"രമേശന്‍റെയും സതീശന്‍റെയും തലമുടിക്ക് നല്ല കറുപ്പാണ്. തലമുടി കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നതിലല്ല കാര്യം. നാടിനോട് പ്രതിബദ്ധതയുണ്ടോ എന്നതിലാണ് കാര്യം. നാടിന് വേണ്ടിയുള്ള നയവും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണം. എന്‍റെ തലമുടി പ്രീഡിഗ്രികാലം മുതല്‍ നരക്കാന്‍ തുടങ്ങിയതാണ്"- കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ, വേദിയിലിരുന്നിരുന്ന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചറെ കൂടി ഉള്‍പ്പെടുത്തിയുള്ള ജയരാജന്‍റെ വിമര്‍ശനം സദസിനെ ഇളക്കി. ഇടതുപക്ഷത്തെ കുറിച്ച് നാട്ടുകാര്‍ ആകെ ഒറ്റക്കാര്യമെ പറയുന്നുള്ളു. പറയുന്നത് ചെയ്യും ചെയ്യാന്‍ കഴിയുന്നത് മാത്രമേ പറയൂ എന്നതാണ് ഇതെന്നും ജയരാജന്‍ തുടര്‍ന്ന് പറഞ്ഞു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 550 ഉം നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അധികാര വികേന്ദ്രീകരണത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഗാന്ധിജിയുടെ കാഴ്ച്ചപ്പാടായിരുന്നു അധികാരം ജനങ്ങള്‍ക്ക് എന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ അധികാരം കേന്ദ്രീകരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ കര്‍ണാടകയിലും ബിജെപി ഭരിക്കുന്ന ബീഹാറിലും എടുക്കുന്ന നീതി ആയോഗിന്‍റെ അതേ മാനദണ്ഡമാണ് കേരളത്തിലെ അതിദരിദ്രരരെ കണ്ടെത്താന്‍ കേരളം സ്വീകരിച്ചിരിക്കുന്നത്. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനം എന്നത് ഇന്ത്യയില്‍ ആദ്യത്തേതും ലോകത്ത് രണ്ടാമത്തേതുമാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.