
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സിപിഐഎമ്മിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈല ബീവി പാർട്ടിയിൽ നിന്നും രാജിവെച്ചു. സിപിഐഎം അഞ്ചൽ ഏരിയ കമ്മിറ്റി അംഗവും ആൾ ഇന്ത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ് രാജി പ്രഖ്യാപിച്ച ലൈലാ ബീവി. രാജിക്കത്ത് ഏരിയ സെക്രട്ടറിക്ക് കൈമാറി.
കഴിഞ്ഞ രണ്ടുതവണ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചത് ലൈല ബീവിയാണ്. ഇത്തവണ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പാർട്ടി വിടാനുള്ള കടുത്ത തീരുമാനം. നിലവിലെ സാഹചര്യത്തിൽ, കുളത്തൂപ്പുഴ ടൗൺ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ലൈലാ ബീവി വ്യക്തമാക്കി. പാർട്ടിയിലെ പ്രമുഖ നേതാവ് തന്നെ രാജിവെച്ച് വിമത സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് സിപിഐഎമ്മിന് കടുത്ത വെല്ലുവിളിയാകും.