
ദില്ലി : പിഎം ശ്രീ പദ്ധതിയിൽ സിപിഎം സിപിഐ ദേശീയ നേതൃത്വങ്ങൾക്കിടയിലും ഭിന്നത കടുക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി വിഷയത്തിൽ നിസഹായ അവസ്ഥയിലാണെന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിൻറെ പ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വം സിപിഐയെ പ്രതിഷേധം അറിയിച്ചു. വളരെ നിസ്സഹായനാണ്, കുറച്ച് ശക്തി പ്രകാശ് ബാബുവിൽ വാങ്ങാമെന്ന് മറുപടി നൽകിയ എം.എ. ബേബി, കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് ആരും ഇപ്പോൾ തീരുമാനിക്കേണ്ടതില്ലെന്നും എംഎ ബേബിയും വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എംഎ ബേബിയെ കണ്ടപ്പോൾ നിസഹായ അവസ്ഥയും അശക്തിയുമാണ് സിപിഎം ജനറൽ സെക്രട്ടറി പ്രകടിപ്പിച്ചതെന്ന് പ്രകാശ് ബാബു ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ന് സിപിഎം ജനറൽ സെക്രട്ടറി പരസ്യമായി ആഞ്ഞടിച്ചത്. ബേബി ഇടപെടാത്തതിനെതിരെ ഇന്ന് രാവിലെയും പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. ബേബിയുടെ വിമർശനത്തിന് ശേഷവും പ്രകാശ് ബാബു നിലപാട് ആവർത്തിച്ചു.
തന്നെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രകാശ് ബാബുവിൻറെ പരാമർശത്തിലെ നീരസം എംഎ ബേബി സിപിഐ നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. തുടർന്ന് പ്രകാശ് ബാബുവിനെ പാർട്ടി ജനറൽ സെക്രട്ടറി ജി രാജ കേരള ഹൗസിലെത്തി കണ്ടു. ഇതിനു ശേഷം മാധ്യമങ്ങളെ കണ്ട രാജ പിഎം ശ്രീക്കുള്ള ധാരണ പിൻവലിക്കണം എന്ന നിലപാട് ആവർത്തിച്ചു.
എംഎ ബേബി ഇടപെടാതെ ഒഴിഞ്ഞു മാറിയതിലുള്ള നീരസം സിപിഐ പരസ്യമായി പ്രകടിപ്പിച്ചതും അതിനോട് സിപിഎം ജനറൽ സെക്രട്ടറി പ്രതികരിച്ചതും ദേശീയതലത്തിലും തർക്കത്തിന് ഇടയാക്കുകയാണ്. പിഎം ശ്രീയിൽ ഒപ്പുവച്ചതിനെ ന്യായീകരിച്ചാണ് എംഎ ബേബി ഇന്നലെ സംസാരിച്ചത്. എന്നാൽ പിബി ചർച്ച ചെയ്യാതെ ഇത് ന്യായീകരിച്ചതെന്തിനെന്ന നിലപാട് സിപിഎമ്മിനകത്തും ചില നേതാക്കൾക്കുണ്ടെന്നാണ് സൂചന