
തിരുവനന്തപുരം: സൈബറിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാനാണ് പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും സൈബറിടത്തിലെ അതിക്രമം തടയുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നും സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി. വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ നിയമ ഭേദഗതി പ്രാവർത്തികമാകുന്ന ഘട്ടത്തിൽ കുറവുകൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പൊലീസ് ആക്റ്റ് ഭേദഗതി അപ്രഖ്യാപിത അടിയന്തിരവാസ്ഥയാണെന്നാണ് പ്രതിപക്ഷവിമർശനം. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതിയെന്നായിരുന്നു സർക്കാർ വിശദീകരണമെങ്കിലും ഇക്കാര്യം സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നില്ല. ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി ഉൾക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസാകും എന്നതാണ് അവസ്ഥ.
നിയമം എല്ലാതരം മാധ്യമങ്ങൾക്കും മേലും സർക്കാർ ബാധകമാക്കിയിട്ടുണ്ട്.വ്യക്തികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾക്കും കുരുക്കുണ്ട്.. ഒരാൾക്ക് മാനഹാനിയുണ്ടായെന്ന തോന്നലിൽ അയാൾ പരാതി നൽകണമെന്നില്ല, താൽപര്യമുള്ള ആർക്കും പരാതി നൽകാം. നടപടിയുമാകാം. പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം. പൊലീസ് ആക്ടിൽ 118 എ വകുപ്പ് കൂട്ടിച്ചേർത്താണ് വിമർശനങ്ങൾ വകവെക്കാതെയുള്ള വിജ്ഞാപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam