
കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്ന യൂത്ത് കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് കള്ളപ്പണ ഇടപാട് നടത്തുന്നതായി സംശയമെന്ന് പരാതി. കാസർകോട് സ്വദേശിയും കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ നിയാസ് മലബാറിയാണ് പരാതിക്കാരൻ. ഒരേ പേരിൽ പല ഐഡി കാർഡുകൾ ഷഹനാസ് കൈവശം വെക്കുന്നുവെന്നും ചെറിയൊരു പബ്ലിക്കേഷൻ സ്ഥാപനം നടത്തുന്ന ഇവർ പതിവായി വിദേശയാത്ര നടത്തുന്നുവെന്നും പരാതിയിൽ ആരോപണമുണ്ട്. വിദേശയാത്രകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന് സംശയമുണ്ടെന്നാണ് പ്രധാന ആരോപണം. പല പേരുകളിലുള്ള ഐഡി കാർഡുകളുടെ നമ്പറുകളും ചിത്രങ്ങളും വിശദാംശങ്ങളും സഹിതമാണ് നിയാസ് മലബാറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതിയിൽ അന്വേഷണം നടത്തുന്നതിനായി കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായി ഡിജിപിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പും നിയാസ് മലബാറിക്ക് ലഭിച്ചു.
കോഴിക്കോട് ഫറോക്ക് സ്വദേശി ഡോക്ടർ സിജേഷ് എന്നയാളുടെ ഭാര്യയും മാക്ബാത്ത് പബ്ലിക്കേഷൻ ആൻഡ് മീഡിയ എൽഎൽപി എന്ന സ്ഥാപനത്തിൻ്റെ പാർട്ണർ ആയ മുരിയാട് അറയ്ക്കൽ ഷഹനാസ് എന്ന എംഎ ഷഹനാസ് പല വിധത്തിലുള്ള ഐഡികൾ ഉപയോഗിക്കുന്നതായി എൻ്റെ ശ്രദ്ധയിൽപ്പെട്ടു. അവർ പാൻ കാർഡിലും, പാസ്പോർട്ടിലും മുരിയാട് അറയ്ക്കൽ ഷഹനാസ് എന്ന പേര് ഉപയോഗിക്കുന്നു. എന്നാൽ അവരുടെ കൈവശമുള്ള ഡ്രൈവിംഗ് ലൈസൻസിൽ പ്രിയ സിജേഷ് എന്ന പേരാണ് ഉപയോഗിക്കുന്നത്. ലൈസൻസിൽ ഭർത്താവിൻ്റെ അഡ്രസും, അവരുടെ ജനനതീയതിയും അവരുടെ ഫോട്ടോയും ഉപയോഗിച്ചിരിക്കുന്നു. അവരുടെ ഗൂഗിൾ പേയിലേക്ക് പണം അയക്കുമ്പോൾ 2023 ൽ banking name " priya sijeesh" എന്നായിരുന്നു. ഇതെല്ലാം സംശയകരമാണ്. ഇവരുടെ ഇടപാടുകൾ ദുരൂഹമാണ്. ഇവർ എപ്പോഴും വിദേശ യാത്ര നടത്തുകയും അവിടെ ബിസിനസ് ഉണ്ടെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ചെറിയ ഒരു പബ്ലിക്കേഷൻ സ്ഥാപനം നടത്തുന്നത് തന്നെ കള്ളപ്പണ ഇടപാടിന് മറ ആണോയെന്ന് ഞാൻ സംശയിക്കുന്നു. അവർ അതിൻ്റെ സൗകര്യത്തിന് വേണ്ടിയാണ് പല ഐഡി കാർഡുകൾ ഉപയോഗിക്കുന്നതും ആ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതും. ഈ വിഷയത്തിൽ അങ്ങയുടെ ശ്രദ്ധ പതിയണമെന്ന് അപേക്ഷിക്കുന്നു. ഇതിൽ അങ്ങയുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam