
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബണ്ട തഹസിൽ മേഖലയിലാണ് മദ്യദുരന്തമുണ്ടായത്. ഇന്നലെ രാത്രിയാണ് ആളുകള്‍ വ്യാജമദ്യം കുടിച്ചത്. പിന്നാലെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കഴിച്ച മദ്യത്തിന്‍റെ സാംപിളുകളും ശേഖരിക്കും. വ്യാജമദ്യമാണോ മരണത്തിന് കാരണമെന്നത് പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെയോടെയാണ് മദ്യപിച്ചവർക്ക് കഠിനമായ തലവേദന, കാഴ്ചമങ്ങൽ, ശ്വാസതടസ്സം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് ഇവരെ ബണ്ട സിവിൽ ആശുപത്രിയിലും സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ചിലർ മരണപ്പെട്ടിരുന്നു. ചികിത്സയിലുള്ള ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മദ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ഇതിനായി വിദഗ്ധ മെഡിക്കൽ സംഘങ്ങളെ ഗ്രാമങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെയും വ്യാജമദ്യ മാഫിയയ്‌ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഉടൻ തന്നെ സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam