
തിരുവനന്തപുരം: മധുര – ഗുരുവായൂർ എക്സ്പ്രസിൽ (16327/16328) വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവേ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് യാഥാർത്ഥ്യമാകുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചിരിക്കുന്നതെന്ന് എംപി അറിയിച്ചു.
വിസ്തൃതമായ ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന വിസ്റ്റാഡോം കോച്ച് വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയൊരു യാത്രാനുഭവം സമ്മാനിക്കും. പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര – ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയുന്നതിനും ഈ സംവിധാനം സഹായകരമാകും. ചുറ്റുമുള്ള പ്രകൃതിഭംഗി മുകളിലേക്ക് നോക്കി ആസ്വദിക്കാൻ പാകത്തിലുള്ള സുതാര്യമായ ഗ്ലാസ് റൂഫുകളും വിസ്റ്റാഡോം കോച്ചിൻ്റെ സവിശേഷതയമാണ്. 360 ഡിഗ്രി കറങ്ങുന്ന സീറ്റുകളടക്കം ഇതിലുണ്ട്.
2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ മധുരയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകും. ഇതോടെ യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മധുര – ഗുരുവായൂർ എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനും നേരത്തെ ഇടപെടാൻ കഴിഞ്ഞിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേരളത്തിന്റെ റെയിൽവേ വികസനത്തിനും വിനോദസഞ്ചാര വളർച്ചയ്ക്കും സഹായകരമാകുന്ന കൂടുതൽ പദ്ധതികൾക്കായി തുടർന്നും പ്രവർത്തിക്കുമെന്നും എംപി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam