അഭിമന്യു കൊലപാതകം: ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി

By Web TeamFirst Published Nov 26, 2019, 12:25 PM IST
Highlights

2018 ജൂലൈ രണ്ടിന് അര്‍ധരാത്രിയാണ് മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും കുത്തേറ്റത്

കൊച്ചി: മഹാരാജാസ് കോളേജ് എസ്‌എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാംപസില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി മുഹമ്മദ് ഷഹീം(31) കീഴടങ്ങി. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ് ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശിയായ ഷഹീം. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷഹീമിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

2018 ജൂലൈ രണ്ടിന് അര്‍ധരാത്രിയാണ് മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും കുത്തേറ്റത്. അര്‍ജുനെ കുത്തിയത് ഷഹീമാണ് എന്നാണ് കുറ്റപത്രം. എന്നാല്‍ അഭിമന്യുവിനെ കുത്തിയ സഹല്‍(21) ഇപ്പോഴും ഒളിവിലാണ്. മഹാരാജാസ് വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്‍റുമായ മുഹമ്മദ് ഉള്‍പ്പടെയുള്ളവരെ നേരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. 

കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കുകളോടെ രക്ഷപെട്ട അര്‍ജുന്‍ ചികിത്സയിലായിരുന്നു. 
 

click me!