
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാജ് കോളേജ് തിങ്കളാഴ്ച തുറക്കും. കോളേജിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് എതിരെ പരാതി ലഭിക്കുന്നതിന് അനുസരിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണ് നാല് ദിവസമായി അടഞ്ഞ് കിടക്കുന്ന മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കാൻ തീരുമാനമായത്. എസ്എഫ്ഐ, കെഎസ്‍യു തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വൈകീട്ട് ആറിന് ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ തുടരുന്നത് വിലക്കാൻ യോഗം തീരുമാനിച്ചു. ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിവാക്കും. ഈ നടപടികൾ ഉറപ്പിക്കാൻ ക്യാമ്പസിൽ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും.
കഴിഞ്ഞ ബുധനാഴ്ചയാണ് ക്യാമ്പസിലും പുറത്ത് ജനറൽ ആശുപത്രിക്ക് സമീപവും വച്ച് എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച ക്യാമ്പസിനകത്ത് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടയടിയിലെത്തിയത്. സംഘർഷമുണ്ടാക്കിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റിലായ മാലിക്കിനെ കേസിൽ തെറ്റായി പ്രതി ചേർത്തെന്ന് ആരോപിച്ച് സഹോദരൻ കമാൽ തോപ്പുംപടി പാലത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പൊലീസിനെ വലച്ചിരുന്നു. പ്രതികൾക്കെതിരെ നിയമനടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam