മഹാരാഷ്ട്ര പൊലീസ് തോറ്റിടത് കേരള പൊലീസ് ജയിക്കുമ്പോൾ, കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വത നിറഞ്ഞ കേസ്

By Web TeamFirst Published Oct 11, 2021, 1:24 PM IST
Highlights

കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് കൊല്ലത്തെ ഉത്രയുടെ കേസ് 
രാജ്യത്ത് തന്നെ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള കേസുകളുടെ പട്ടികയിലും ഉത്രക്കേസ് ഉൾപ്പെട്ടിട്ടുണ്ട്. 

തിരുവനന്തപുരം:  അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം (uthra murder case ). ഭർത്താവ് സൂരജ് (sooraj) സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ മുര്‍ഖന്‍ പാമ്പിനെ (cobra snake) കൊണ്ട് കടിപ്പിച്ചു കൊല്ലുകയെന്ന ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസ്. ക്രൂരക്യത്യം ചെയ്ത പ്രതികുറ്റക്കാരനാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു.

കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് കൊല്ലത്തെ ഉത്രയുടെ കേസ് രാജ്യത്ത് തന്നെ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള കേസുകളുടെ പട്ടികയിലും ഉത്രക്കേസ് ഉൾപ്പെട്ടിട്ടുണ്ട്. 

രാജ്യത്ത് ഇതിന് മുൻപ് രണ്ട് തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. അതേ സമയം നാഗ്പൂരിൽ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ തന്നെയാണ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. എന്നാൽ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിനാകെ അഭിമാനം പകരുന്ന കാര്യമാണ്.

ഉത്രവധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന്കോടതി: ശിക്ഷാപ്രഖ്യാപനം മറ്റന്നാൾ 

കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയായത്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. 

ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിന്റേത്. സൂരജിന് പാമ്പുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാൻ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

click me!