
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗം സമാപിച്ചു. സർവകക്ഷിയോഗത്തിൽ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി എ കെ ശശീന്ദ്രൻ അറിയിച്ചു. പുനരധിവാസ മേഖലയിലെ ആനകളെ ഇന്ന് രാത്രി മുതൽ കാട്ടിലേക്ക് തുരത്തി ഓടിക്കാൻ തീരുമാനമായി. ആർആർ ടിയുടെ എണ്ണം വർദ്ധിപ്പിക്കും. സമീപപ്രദേശങ്ങളിൽ ആർആർടി സഹായം തേടും.
ചില പ്രദേശങ്ങളിൽ താൽക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കും. ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം അനുവദിക്കും. അടിക്കാടുകൾ വെട്ടുന്നതിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് ആറളം ഫാമാണ്. വനമേഖലയിൽ സിസിഎഫ് നേരിട്ട് സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. എഐ സാധ്യത പ്രയോജനപ്പെടുത്തി പുതിയ സംവിധാനം ഏർപ്പെടുത്തും. ആനമതിൽ നിർമാണം ആറു മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നും അടുത്ത മാസം പണി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രദേശത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. കുടുംബത്തിൻ്റെ ആവശ്യമനുസരിച്ച് മൃതദേഹങ്ങൾ സംസ്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു. ദുരന്തങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് പറഞ്ഞ മന്ത്രി ആനമതിൽ നിർമാണത്തില്‍ കുറ്റകരമായ കാലതാമസം താമസം ഉണ്ടായി എന്നത് പൊറുക്കാനാവില്ലെന്നും പറഞ്ഞു. കുടുംബത്തിൽ ഒരാൾക്ക് അടുത്തയാഴ്ച തന്നെ താത്കാലിക ജോലി നൽകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഫാമിൽ ഇനി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആരും മരിക്കില്ലെന്ന ഉറപ്പ് മന്ത്രി എഴുതി നൽകണം എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Read Also: കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam