ലക്കിടി വെടിവെപ്പ്; മജിസ്റ്റീരിയൽ റിപ്പോർട്ടിൽ പൊലീസിന് ക്ലീൻ ചിറ്റ്; എതിർപ്പുമായി ജലീലിന്റെ കുടുംബം

By Web TeamFirst Published Oct 9, 2020, 1:14 PM IST
Highlights

സംഭവത്തിൽ പൊലീസ് ​ഗൂഢാലോചന ഇല്ലെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. 250 പേജുള്ള റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ ആണ് സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിന് വിരുദ്ധമാണ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടെന്ന് കൊല്ലപ്പെട്ട ജലീലിൻ്റെ ബന്ധുക്കൾ പ്രതികരിച്ചു.

വയനാട്: ലക്കിടി മാവോയിസ്റ്റ് വെടിവെയ്പുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന് ക്ളീൻ ചിറ്റ്. സംഭവത്തിൽ പൊലീസ് ​ഗൂഢാലോചന ഇല്ലെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. 250 പേജുള്ള റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ ആണ് സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിന് വിരുദ്ധമാണ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടെന്ന് കൊല്ലപ്പെട്ട ജലീലിൻ്റെ ബന്ധുക്കൾ പ്രതികരിച്ചു. 

റിസോർട്ടിൽ വച്ച് മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലീസ് വാദം പൊളിയുന്നു‍തായിരുന്നു ഫോറൻസിക് റിപ്പോർട്ട്.  ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അത്. ഫോറൻസിക് റിപ്പോർട്ടിലെ പട്ടികയിൽ 26ാമതായി ലിസ്റ്റ് ചെയ്തിട്ടുള്ളത് ജലീലിന്റെ കൈയിലുണ്ടായിരുന്ന SBBL റൈഫിളാണ്. ഈ തോക്കിൽ നിന്ന് വെടിപൊട്ടിയിട്ടില്ല എന്നാണ്  ഫോറൻസിക് ലാബിന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം പൊലീസ് ഹാജരാക്കിയ സർവ്വീസ് പിസ്റ്റലുകളിൽ 9 എണ്ണത്തിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജലീൽ വെടിവെച്ചിട്ടുണ്ടെങ്കിൽ വലതു കൈയിൽ വെടിമരുന്നിന്റെ അവശിഷ്ടം കാണേണ്ടിയിരുന്നു. ഇത് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്.  

2019 മാർച്ച് 6നാണ്  വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വെച്ച് ജലീൽ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീൽ വെടിവെച്ചപ്പോൾ തിരികെ വെടിവെച്ചു എന്നതായിരുന്നു പൊലീസ് ഭാഷ്യം. ഫെബ്രുവരിയിലാണ് ഫോറൻസിക് ലാബ് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് മറച്ച് വെച്ച പൊലീസ്, സർവ്വീസ് തോക്കുകൾ തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് വിവരം ബന്ധുക്കളറിഞ്ഞതും ഫോറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് എടുത്തതും. പിടികൂടുന്നതിന് പകരം  പൊലീസ് ജലീലിനെ വെടിവെച്ച് കൊന്നത്  ബോധപൂർവ്വമാണെന്ന് അന്നേ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചിരുന്നു.
 

click me!