ഇടുക്കി ഉപ്പുതറയിൽ ലൈഫിൽ ക്രമക്കേട്: ‌വീടുകളുടെ പണി പൂർത്തിയാക്കാതെ തുക കൈമാറി, ക്രമക്കേട് കണ്ണംപടി ആദിവാസി ഉന്നതികളിൽ

Published : Jul 11, 2025, 06:17 AM IST
life project

Synopsis

തൊഴിലുറപ്പ് കൂലിയുൾപ്പെടെ ആറ് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ് സർക്കാർ നൽകുന്നത്.

ഇടുക്കി: ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടി ആദിവാസി ഉന്നതികളിലെ ലൈഫ് ഭവന പദ്ധതിയിലും വൻ ക്രമക്കേട്. ആകെ അനുവദിച്ച 96 വീടുകളിൽ 27 എണ്ണവും പണി പൂർത്തിയാക്കാതെ മുഴുവൻ തുകയും കരാറുകാർ വാങ്ങിയെടുത്തു എന്നാണ് പുറത്തുവരുന്ന വിവരം. കണ്ണംപടി, വാക്കത്തി എന്നീ ആദിവാസി ഉന്നതികളിൽ ലൈഫ് പദ്ധതി പ്രകാരം പണിത വീടുകളിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്.

തൊഴിലുറപ്പ് കൂലിയുൾപ്പെടെ ആറ് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ് സർക്കാർ നൽകുന്നത്. മുഴുവൻ തുകയും മാറിയ ഒട്ടുമിക്ക വീടുകളുടേയും മേൽക്കൂര ചോർന്നൊലിക്കുകയാണ്. ചില വീടിൻറെ ശുചിമുറിയിൽ ക്ലോസറ്റില്ല, പ്ലംബിങ്, വയറിങ് ജോലികൾ ചെയ്യാത്തതും, വീടിൻറെ പുറം ഭിത്തി തേക്കാത്തതും ജനലുകൾ വക്കാത്തവയുമുണ്ട്. ഒരു ലക്ഷത്തിലധികം രൂപയുടെ പണി ബാക്കി നിൽക്കെയാണ് മുഴുവൻ തുകയും കരാറുകാർ വാങ്ങിയെടുത്തത്. പലരും കയ്യിൽ നിന്നും പതിനായിരങ്ങൾ മുടക്കിയാണ് വീട് കയറിക്കിടക്കാൻ പാകത്തിനാക്കിയത്. ഉപ്പുതറ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരൻറെ അടുത്ത ബന്ധു അടക്കമുള്ളവരാണ് വീട് പണി കരാറെടുത്തത്.

കരാറുകാർ റോഡിൽ എത്തിച്ച നിർമാണ സാമഗ്രികൾ ഗുണഭോക്താക്കൾ തന്നെയാണ് ഏറെ ദൂരം ചുമന്ന് സ്ഥലത്ത് എത്തിച്ചത്. പണി പൂർത്തിയാക്കുമെന്ന കരാറുകാറുടെ ഉറപ്പ് വിശ്വസിച്ചാണ് വാർഡ് മെമ്പർമാർ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകിയത്. ഇത് പരിശോധിച്ച് അവസാന ബില്ല് നൽകേണ്ടത് അസി. എഞ്ചിനീയറും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുമാണ്. ഇവരുൾപ്പെടെയുള്ളവർ കരാറുകാരനെ വഴിവിട്ട് സഹായിച്ചതാണ് പണി തീരാതെ മുഴുവൻ തുകയും മാറിയെടുക്കാൻ കാരണം. വീട് നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണംപടി ഉന്നതി അധ്യക്ഷൻ നൽകിയ പരാതി ലൈഫ് മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പിനും വിജിലൻസിനും പഞ്ചായത്ത് കൈമാറിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി