കോൺ​ഗ്രസ് നേതാവിന് കൊവിഡ്: ഇടുക്കിയിലെ പ്രമുഖ നേതാക്കൾ നിരീക്ഷണത്തിൽ

By Web TeamFirst Published Mar 28, 2020, 8:01 AM IST
Highlights

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ


തൊടുപുഴ: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.  ഇയാളുമായി ഇടപഴകിയ പലരേയും തിരിച്ചറിഞ്ഞു വീടുകളിൽ നിരീക്ഷണത്തിലാക്കി.

വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരാണ് ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 29 മുതൽ മാർച്ച് 26 വരെ ഇയാൾ പോയ സ്ഥലങ്ങളിലെ വിവരം ശേഖരിച്ചാണ് ഇത്രയും പേരെ നീരീക്ഷണത്തിലാക്കിയത്.

 ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 63 സ്ഥലങ്ങളിലാണ് ഇത്രയും ദിവസത്തിനുള്ളിൽ ഇയാൾ യാത്ര നടത്തിയത്. രണ്ടിടത്ത് ധർണയിൽ പങ്കെടുത്തു. നിയമസഭ മന്ദിരത്തിൽ പോയി നേതാക്കളെ കണ്ടു. അഞ്ച് തവണ കെഎസ്ആർടിസിയിലും ഒരു തവണ തീവണ്ടിയിലും യാത്ര ചെയ്തു. നാല് തവണ പള്ളിയിൽ നമസ്കാരത്തിനായി പോയി.

പൊതുപ്രവർ‍ത്തകൻ ഏറ്റവും അധികം ബന്ധപ്പെട്ടിട്ടുള്ള ചെറുതോണി ടൗണിലും പരിസര പ്രദേശങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജില്ലഭരണകൂടം അറിയിച്ചു. അതിനിടെ വാർത്ത സമ്മേളനത്തിൽ പൊതുപ്രവ‍ർത്തകനെ കുറിച്ച് മുഖ്യമന്ത്രി മോശമായി പരാമർശിച്ചത് ശരിയായില്ലെന്ന് ഇടുക്കി ജില്ല കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

click me!