കുടിവെള്ള പൈപ്പ് പൊട്ടിയാൽ അതിവേഗം അറ്റകുറ്റപ്പണി, വാട്ടർ അതോറിറ്റിയിൽ സമഗ്ര അഴിച്ചുപണിക്ക് പദ്ധതി; പിജെ ജോസഫിന് അർഹമായ പദവി ഉടൻ നൽകണം: മന്ത്രി മോൻസ്

Published : Nov 08, 2026, 05:26 PM IST
Mons Joseph

Synopsis

വാട്ടർ അതോറിറ്റിയിൽ ഡിസംബർ 31 ന് മുൻപ് സമഗ്ര അഴിച്ചുപണി നടത്തുമെന്ന് മന്ത്രി. പൈപ്പ് പൊട്ടുന്നത് വേഗത്തിൽ പരിഹരിക്കാനും ബിൽ പരാതികൾ തീർക്കാനും നടപടിയുണ്ടാകും. യുഡിഎഫ് മദ്യനയം പ്രഖ്യാപിക്കണമെന്നും പിജെ ജോസഫിന് പദവി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. വകുപ്പിന്‍റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 31 ന് മുൻപ് പുതിയ ഘടന നടപ്പിലാക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ പഠനത്തിന് ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റുന്നതിനൊപ്പം കുടിവെള്ള പൈപ്പുകൾ പൊട്ടുമ്പോൾ അതിവേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കാനും കുടിവെള്ള വിതരണത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള ബില്ലുകളിലെ പരാതികൾ പരിഹരിക്കുന്നതിനായി ഡിസംബർ മുതൽ എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കുമെന്നും, പത്തനംതിട്ടയിൽ നാളെ ചേരുന്ന യോഗത്തിൽ ശബരിമലയിലെ കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യു ഡി എഫ് മദ്യനയം പ്രഖ്യാപിക്കണം

സംസ്ഥാനത്ത് താളംതെറ്റിയ ജലജീവൻ മിഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. പറമ്പിക്കുളം - ആളിയാർ കരാർ പുതുക്കേണ്ട സമയം കഴിഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാടുമായി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭരണപരമായ മാറ്റങ്ങൾക്കൊപ്പം മുന്നണി രാഷ്ട്രീയത്തിലെ വിഷയങ്ങളിലും മന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കി. യു ഡി എഫിന്‍റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും, ഘടകകക്ഷികളുടെ അഭിപ്രായം വേഗത്തിൽ തേടണമെന്ന പാർട്ടിയുടെ നിലപാട് മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.

പിജെ ജോസഫിന് പദവി നൽകണം

യു ഡി എഫിലെ സമുന്നതനായ നേതാവാണ് പി ജെ ജോസഫെന്നും അദ്ദേഹത്തിന് അർഹമായ പദവി നൽകാമെന്ന് മുന്നണിയിൽ നേരത്തെ തന്നെ ധാരണയായതാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള ധാരണകൾ നടപ്പിലാക്കുന്നത് നീണ്ടുപോകുന്നത് മുന്നണിക്ക് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാട്ടർ അതോറിറ്റിയുടെ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനൊപ്പം മുന്നണിയിലെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്ന നിലപാടാണ് മന്ത്രി മുൻപോട്ടു വെക്കുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്വാശ്രയ കോഴ്‌സുകൾക്ക് എൻഒസി ഒഴിവാക്കിയത് മാറ്റങ്ങൾക്കുള്ള തുടക്കം, കാലതാമസം ഒഴിവാക്കാൻ'; പിണറായിയുടെ അടക്കം വിമർശനങ്ങൾ വസ്തുതാവിരുദ്ധമെന്നും മന്ത്രി
വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ, ഫാം പ്രവർത്തനം തുടരാൻ എല്ലാ പിന്തുണയും ഉറപ്പുനൽകി