
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് വിവാദത്തിൽ. പമ്പയിലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണെന്നാണ് ആക്ഷേപം ഉയരുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് തനത് ഫണ്ട് വിനിയോഗിച്ച സംഗമത്തിന് പോകാൻ അനുമതി നൽകിയത്. അയ്യപ്പ സംഗമം എല്ലാം സ്പോൺസർഷിപ്പ് വഴിയാണെന്നും മറ്റു ദേവസ്വം ഫണ്ടുകൾ സംഗമത്തിനായി ഉപയോഗിക്കില്ലെന്നും സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിക്കുന്ന ഉത്തരവാണ് ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് പുറത്തിറക്കിയിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ. 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ല.
ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു മന്ത്രിമാരാണ് പങ്കെടുക്കുന്നത്. മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് അയ്യപ്പസംഗമത്തിന് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.