
തിരുവനന്തപുരം: മലബാർ എക്സ്പ്രസ്സിന്റെ പാഴ്സൽ ബോഗിയിൽ തീപിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് റെയിൽവേ. കാസർക്കോട് സ്റ്റേഷനിലെ പാഴ്സൽ കൊമേഷ്യൽ സൂപ്പർവൈസറെയാണ് സസ്പെൻഡ് ചെയ്തത്. ആളിക്കത്തിയ തീ, യാത്രാക്കാരുടെ ബോഗിയിലേക്ക് പടരും മുമ്പേ അണക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പാഴ്സൽ ബോഗിയിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾ കൂട്ടിമുട്ടി തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് നിന്ന് പാഴ്സൽ ചെയ്ത ബൈക്കുകളിലെ പെട്രോള്‍ പൂർണമായി ഒഴിവാക്കിയിരുന്നില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് സ്റ്റേഷനിലെ കൊമേഷ്യൽ സൂപ്പർവൈസറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.
തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വർക്കല ഇടവക്ക് സമീപമാണ് ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസ്സിൽ തീ കണ്ടെത്തിയത്. എഞ്ചിനോട് ചേർന്ന പാഴ്സൽ ബോഗിയിലായിരുന്നു തീ. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട ഇടവ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആണ് ലോക്കോപൈലറ്റിനെയും സ്റ്റേഷൻ മാസ്റ്ററെയും വിവരം അറിയിച്ചത്. പിന്നാലെ ഇടവ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു. യാത്രക്കാരെ ബോഗികളിൽ നിന്നം ഒഴിപ്പിച്ചു. ഫയർഫോഴ്സ് എത്തി അര മണിക്കൂറിനുള്ളിൽ തീ അണച്ചു. പിന്നീട് പാഴ്സൽ വാൻ മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam