
മലപ്പുറം: മോട്ടോർ വാഹനവകുപ്പ് വാഹനത്തിന് ഫിറ്റ്നസ് നൽകാത്തതിൽ മനംനൊന്ത് ഓട്ടോഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത സെക്രട്ടറി ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മോട്ടോർ വാഹനവകുപ്പിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഗതാഗത സെക്രട്ടറി അന്വേഷണം നടത്തിയത്. അതിനിടെ, നേരത്തേ രണ്ടുതവണ ഏജന്റുമാർ വഴി ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ഷൗക്കത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതായും ഇത്തവണ ഏജന്റുമാരില്ലാതെ നേരിട്ട് സമീപിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിച്ചതെന്നും ഷൗക്കത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.
2021-ലാണ് ഷൗക്കത്ത് ഈ ഓട്ടോറിക്ഷ വാങ്ങിയത്. അന്നുതന്നെ കിഴിശ്ശേരിയിൽവെച്ചാണ് സ്റ്റീൽ റെയിലിങ് ഉൾപ്പെടെയുള്ള ഫിറ്റിങ്സുകൾ ഓട്ടോയിൽ ചെയ്തത്. തുടർന്ന് 2023-ലും തൊട്ടടുത്തവർഷവും ഇതേ ഫിറ്റിങ്സുകൾ സഹിതമാണ് ഫിറ്റ്നസിന് സമീപിച്ചത്. അന്നെല്ലാം ഏജന്റുമാർ വഴിയാണ് ഫിറ്റ്നസിന് അപേക്ഷിച്ചത്. ഒരു പ്രശ്നവുമില്ലാതെ മോട്ടോർ വാഹനവകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഇത്തവണ ഷൗക്കത്ത് നേരിട്ടാണ് ഫിറ്റ്നസിന് അപേക്ഷിച്ചത്. എന്നാൽ, നേരത്തേ ഉണ്ടായിരുന്ന സ്റ്റീൽ റെയിലിങ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി അധികൃതർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നു. ഏജന്റുമാർ വഴി സമീപിക്കാത്തതിന്റെ വൈരാഗ്യമാകാം ഫിറ്റ്നസ് നിഷേധിക്കാൻ കാരണമായതെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam