വടകര പാതിയാക്കര ജുമാ മസ്ജിദിലെ സംഘർഷത്തിൽ പോലീസുകാർക്കെതിരെ നടപടിയെടുത്തതിൽ അതൃപ്തി.

കോഴിക്കോട് : വടകര കണ്ണൂക്കര പാതിയാക്കര ജുമാ മസ്ജിദിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കിരെ നടപടി എടുത്തതിലും യുഡിഎഫിൽ ഒരു വിഭാഗത്തിന് എതിർപ്പ്. പള്ളിക്കുള്ളിൽ സംഘർഷം ഉണ്ടാക്കിയവർക്കെതിരേയും നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി, പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിൽ രംഗത്തെത്തി. "പള്ളിക്കകത്ത് കയ്യാങ്കളിയും തെറിവിളിയും നടത്തിവർക്കെതിരെ നടപടി വേണം'. "അവരാണ് പൊലീസിനെ പള്ളിക്കകത്ത് കയറ്റിയതെന്ന് ദുൽഖിഫിൽ ചൂണ്ടിക്കാട്ടി.

പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിക്ക് നിലവിലെ ഖത്തീബ് നേതൃത്വം നൽകിയതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. സ്ഥലത്തെത്തിയ ചോമ്പാല പൊലീസ് സംഘം പള്ളിക്കകത്തു കയറി ആളുകളെ പിരിച്ചുവിട്ടു. പൊലീസ് നടപടിക്കെതിരെ വിമർശനമുയർന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തു. ചോമ്പാല സ്റ്റേഷനിലെ 5 പേരെ സ്ഥലം മാറ്റി. സ്ഥലംമാറ്റ നടപടിയിൽ പൊലീസിലും അതൃപ്തി പുകയുകയാണ്. വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്മിറ്റി വിളിച്ചിട്ടാണ് പള്ളിയിൽ എത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതിനിടെ, പൊലീസ് നടപടിയെ ന്യായീകരിച്ച് എൽഡിഎഫ് നേതാവ് സലീം മടവൂർ രംഗത്തെത്തി. പൊലീസിനെ സംഘിമനസുള്ളവരെന്ന് വിളിക്കാനാവില്ലെന്നും കുറ്റക്കാർ പള്ളി കമ്മിറ്റിക്കാർ തന്നെയാണെന്നും പള്ളിയിൽ അടിപിടികൂടിയാൽ പൊലീസിന് അവരുടെ ജോലി ചെയ്യേണ്ടിവരുമെന്നും സലീം മടവൂർ വ്യക്തമാക്കി.

എന്നാൽ സിപിഎം വൈകാരിക വിഷയങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് ദുൽഖിഫിൽ ആരോപിച്ചു.