
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തുവെന്ന് ആരോപിച്ചു മുൻ ഉടമ അധീഷ് ദാമോദരനാണ് പരാതി നൽകിയത്. ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനും ഓഹരി കൈക്കലാക്കിയതിനും പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രൊമോഷൻ 2022ൽ നിഖിലിന്റെ സോളോസ് കമ്പനി ഏറ്റെടുത്തിരുന്നു. പിന്നീട് നിഖിലിന്റെ ഭാര്യ ഈ സ്ഥാപനത്തിന്റെ ഓഹരി ഉടമയായി. തന്നെ ഡയറക്ടർ സ്ഥാനത്ത് നിന്ന് വ്യാജരേഖ ഉപയോഗിച്ച് പുറത്താക്കിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടും വ്യാജരേഖ നിർമ്മിച്ചതും പരിശോധിക്കണമെന്നാണ് ആവശ്യം.
തന്റെ ഓഹരി വ്യാജമായി തട്ടിയെടുത്തതാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇതിനായി വ്യാജരേഖ നിർമ്മിച്ചു. പരാതി നൽകിയതിന് പിറകെ നിഖിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ജീവന് സുരക്ഷ ഉറപ്പാക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് പരാതിയിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നും നിഖിലിന്റെ സ്വാധീനമാണ് അന്വേഷണം നടക്കാത്തതിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. നേരത്തെ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പി നിഖിലിൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam