
മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ബന്ധുക്കളായ കുട്ടികളാണ് ഇന്ന് ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ടത്. ഒരു വിദ്യാർത്ഥി മരിച്ചു. ആമാടൻ സുരേഷ് , ശോഭ ദമ്പതികളുടെ മകൻ മണിമൂളി സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാർത്ഥി ജിത്തു എന്ന് വിളിക്കുന്ന അനന്തുവാണ് മരിച്ചത്.
കെഎസ്ഇബി ലൈനിൽ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. അഞ്ച് കുട്ടികളിൽ നാല് പേർക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
സംഭവത്തിൽ സർക്കാർ വീഴ്ച ആരോപിച്ച് സമരവുമായി രംഗത്തിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ സംസ്ഥാന പാത ഉപരോധിക്കുകയാണ്. വന്യജീവി ശല്യം രൂക്ഷമായത് കൊണ്ടാണ് ഇത്തരത്തിലുള്ള ഫെൻസിങ് സ്ഥാപിക്കാൻ ആളുകൾ നിർബന്ധിതരാകുന്നതെന്നും വൈദ്യുതി ലൈനിൽ നിന്ന് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചതിൽ കെഎസ്ഇബിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്നും കോൺഗ്രസ് വിമർശിക്കുന്നു.
മരിച്ച കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിലമ്പൂർ ആശുപത്രിയിൽ എത്തിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ അപകടത്തിൽപെട്ട കുട്ടികളുടെ ബന്ധുക്കളോട് സംസാരിച്ചു. ആര്യാടൻ ഷൗക്കത്ത് സർക്കാർ സ്പോൺസേർഡ് കൊലപാതകമാണിതെന്ന് വിമർശനം ഉന്നയിച്ചു. ഇടത് സ്ഥാനാർത്ഥി എം സ്വരാജ് ഷോക്കടിച്ച് മരിക്കാൻ തക്ക വിധത്തിൽ പന്നിക്കെണിയിൽ വൈദ്യുതി പ്രവാഹം ഉണ്ടായതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ ഇലക്ട്രിസിറ്റി ലൈനിൽ നിന്ന് കമ്പി കെട്ടിയാണ് വൈദ്യുതി ലഭിച്ചതെങ്കിൽ അത് കുറ്റകൃത്യമാണ്. സമാനമായ സംഭവം മുൻപും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam