
മലപ്പുറം: മലപ്പുറത്ത് വോട്ടർമാർക്ക് സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്തുവെന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് കൊണ്ടോട്ടിയിലും നിലമ്പൂരിലും വോട്ടിന് പണം നൽകിയെന്ന ആരോപണം ഉയർന്നത്. കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാർഡായ ചിറയിലിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീൻ പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തിൽ കൊണ്ടോട്ടി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിക്കുന്നുണ്ട്. വാർഡിലെ വേറെ ഏതൊക്കെ വീടുകളിൽ ഇയാൾ പോയി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീൻ നേരത്തെ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നയാളാണ്.
നിലമ്പൂരിൽ ഇരുപത്തിയേഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ഖാനെതിരെയാണ് പരാതി ഉയർന്നത്. വോട്ടു ചോദിച്ചെത്തിയ ഫിറോസ് ഖാൻ 1500 രൂപ നിർബന്ധിച്ചു നൽകിയെന്ന് വോട്ടറായ ശകുന്തള പരാതിയിൽ പറയുന്നു. മലപ്പുറം അടക്കം നാല് ജില്ലകളിൽ ഇന്ന് പരസ്യപ്രചരണം അവസാനിക്കുകയാണ്. ഇതിനിടെയാണ് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നു വെന്നാരോപണം ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam