
മലപ്പുറം: ജില്ലയുടെ ചിരകാല സ്വപ്നമായ കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ നാടിന് സമർപ്പിച്ചു. മലപ്പുറം ടെർമിനലിന്‍റെ രണ്ടാംഘട്ട നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.15 കോടി ചെലവിലാണ് ആദ്യ ഘട്ട നവീകരണം പൂർത്തിയാക്കിയത്. ബാക്കി പ്രവൃത്തിക്കായി സർക്കാർ അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ചടങ്ങിൽ പി ഉബൈദുല്ല എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീർ എം പി മുഖ്യാതിഥിയായി.
'50 ലധികം പരിഷ്കാരങ്ങൾ കെഎസ്ആർടിസിയിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടെർമിനലുകളാണ് എല്ലായിടത്തും നടപ്പാക്കുന്നത്. സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്തു. വീട്ടിലിരുന്ന് ബസ് സമയ വിവരങ്ങൾ അറിയാനും ബസ് ബുക്ക് ചെയ്യാനും സാധിക്കുന്ന ആപ് പുറത്തിറക്കി. പുതിയ ട്രാവൽ കാർഡുകൾക്ക് ജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. സ്‌പെയർ പാർട്സുകൾ വാങ്ങുന്നത് പൂർണമായും സോഫ്റ്റ്‌വേർ വഴിയാക്കി. ഇത് അഴിമതി ഇല്ലാതാക്കാൻ സഹായിച്ചു. കൂടുതൽ അന്തർ സംസ്ഥാന റൂട്ടുകൾ തുടങ്ങും. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തന നഷ്ടം കുറക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിച്ചിട്ടുണ്ട്' എന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
നാലു നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീർണമാണ് ടെർമിനിലിനുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ യാത്രക്കാർക്ക് ബസ്കാത്തുനിൽക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് ബസ് കയറിയിറങ്ങാൻ പറ്റുന്ന മേൽക്കൂരയോടുകൂടിയുള്ള ബസ് ബേയും ഇന്‍റർലോക്ക് പതിച്ച യാർഡും ഇതോടൊപ്പം നിർമിച്ചു. അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളും ഇതിന്‍റെ കൂടെയുണ്ട്. ഇതിൽ 13 റൂമുകളും ലേലം ചെയ്തു. പാസഞ്ചർ ലോഞ്ച്, എ സി വെയിറ്റിംഗ് ഹാൾ, പൂന്തോട്ടം, പബ്ലിക് അഡ്രസ്സിങ് സിസ്റ്റം എന്നീ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.