ഒരു നാടിന്‍റെ സ്വപ്നം പൂവണിയുന്നു: മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം 27ന്

Published : Jun 25, 2025, 05:29 PM IST
KSRTC Bus terminal

Synopsis

2016 ജനുവരി രണ്ടിന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ഉമ്മൻ ചാണ്ടിയാണ് 7.90 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കർമ്മവും പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ചിരുന്നത്.

മലപ്പുറം: കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘടനത്തിന് ഒരുങ്ങി. ഒന്നാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ജൂൺ 27 ന് വൈകീട്ട് നാലിന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നിർവ്വഹിക്കും. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരിക്കും.

മലപ്പുറം ടൗണിന്‍റെ ഹൃദയ ഭാഗത്തുള്ളതും മലപ്പുറം വില്ലേജ് റി. സർവ്വേ നമ്പർ 426/1A,426/1B,426/2 - ൽ ഉൾപ്പെട്ടതുമായ 2.15 ഏക്കർ സ്ഥലത്താണ് മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിനു പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 2016 ജനുവരി രണ്ടിന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ഉമ്മൻ ചാണ്ടിയാണ് 7.90 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കർമ്മവും പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ചിരുന്നത്.

നാലു നിലകളിലായി (ലോവർ ഫ്ലോർ -1 ലോവർ ഫ്ലോർ-2 ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ) നിർമ്മിച്ച കെട്ടിടത്തിന് ആകെ 37,445 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ലോറിലാണ് യാത്രക്കാർക്ക് ബസ്സുകാത്തുനിൽക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് ബസ് കയറിയിറങ്ങാൻ പറ്റുന്ന മേൽക്കൂരയോടുകൂടിയുള്ള ബസ് ബേയും ഇന്‍റർലോക്ക് പതിച്ച യാർഡും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് കോർപ്പറേഷന് അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളും ഇതിന്‍റെ കൂടെയുണ്ട്. ഇതിൽ 13 റൂമുകളും കോർപ്പറേഷൻ ലേലം ചെയ്തു കഴിഞ്ഞു. പാസഞ്ചർ ലോഞ്ച്, എസി വെയിറ്റിംഗ് ഹാൾ, പൂന്തോട്ടം,പബ്ലിക് അഡ്രസ്സിങ് സിസ്റ്റം എന്നീ സൗകര്യങ്ങളും നിലവിലുണ്ടാകും.

മലബാർ അസോസിയേറ്റ്സ് മഞ്ചേരിയിലെ അഹമ്മദ് കുട്ടി പള്ളിയാലിൽ, ഹുസൈൻ വള്ളുവമ്പ്രം എന്നിവരായിരുന്നു ടെർമിനലിന്‍റെ നിർമ്മാണ ജോലികൾ നിർവഹിച്ചത്. പാതി വഴിയിൽ നിലച്ച നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുവാനും പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുവാനും എംഎൽഎ നടത്തിയ നിരന്തര ഇടപെടലുകളാണ് വൈകിയാണെങ്കിലും മലപ്പുറത്തിന്‍റെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാക്കിയത്.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം