
കോട്ടയം : പാലായില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാരുടെ പണവുമായി മലയാളിയായ ഹോട്ടല്‍ മുതലാളി മുങ്ങി. കൊടുക്കാനുളള ശമ്പളത്തിന് പുറമേ ജീവനക്കാരുടെ അക്കൗണ്ടില്‍ നിന്ന് നാല്‍പ്പതിനായിരം രൂപയും തട്ടിയെടുത്ത് മുങ്ങിയ മുതലാളിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് തൊഴിലാളികള്‍.
ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്. പൂവണിക്ക് സമീപത്തെ ഹോട്ടലിലായിരുന്നു ഇവരുടെ ജോലി. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയായ സുനിൽ കഴിഞ്ഞ ജൂലൈ 30 ന് ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 30,000 രൂപ വാങ്ങി. ഒരാഴ്ചക്കുള്ളിൽ മടക്കി നല്‍കുമെന്ന് പറഞ്ഞ പണം ആറുമാസമായിട്ടും തിരികെ ലഭിച്ചില്ല. അജയുടെ പക്കല്‍ നിന്ന് പതിനായിരം രൂപയും ഇതേ രീതിയില്‍ വാങ്ങിയിരുന്നു. ഇതിനിടെ ഒരു സുപ്രഭാതത്തിൽ ഹോട്ടലുടമ കട പൂട്ടി സ്ഥലം വിട്ടു. താമസിച്ചിരുന്ന വാടക വീടും ഒഴിഞ്ഞു. ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ആസാമിലെ സ്വന്തം സ്ഥലത്ത് ചെറിയൊരു വീട് നിർമ്മിക്കുന്നതിനായി സ്വരൂപിച്ച പണമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. നഷ്ടമായ മുപ്പതിനായിരത്തിന് പുറമേ ജോലി ചെയ്ത വകയിൽ 30,000 ത്തോളം രൂപ ശമ്പളമായും ലഭിക്കാനുണ്ട്. ഇപ്പോള്‍ മുണ്ടക്കയത്തെ മറ്റൊരു ഹോട്ടലില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പാലാ പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam