ഈ മാസം നാട്ടിലേക്ക് വരാനിരിക്കെ വീരമൃത്യു; അനീഷിന്റെ മരണത്തില്‍ നടുങ്ങി കുടുംബവും നാടും

By Web TeamFirst Published Sep 16, 2020, 11:05 AM IST
Highlights

അനീഷ് തോമസ് അവധിക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്ന കുടുംബത്തിന് മരണവാര്‍ത്ത താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.
 

കൊല്ലം: കശ്മീരിലെ രജൗറിയില്‍ വീരമൃത്യു വരിച്ച കൊല്ലം അഞ്ചല്‍ വയല സ്വദേശി അനീഷ് തോമസിന്റെ മരണത്തില്‍ നടുങ്ങി കുടുംബവും നാടും. കഴിഞ്ഞ ദിവസമാണ് പാക് ഷെല്ലാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടത്. ഈ മാസം 25ന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു അനീഷ് തോമസ്. പാക് ആക്രമണത്തില്‍ ഒരു മേജറടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം.  രജൗരിയിലെ സുന്ദര്‍ബനി മേഖലയിലായിരുന്നു കരാര്‍ ലംഘിച്ച് പാകിസ്ഥാന്റെ ഷെല്ലാക്രമണ. അനീഷ് തോമസിന്റെ സുഹൃത്തുക്കളാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

അനീഷ് തോമസ് അവധിക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്ന കുടുംബത്തിന് മരണവാര്‍ത്ത താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം വീട്ടില്‍ എത്തിക്കും. 15 വര്‍ഷമായി അനീഷ് തോമസ് സൈന്യത്തില്‍ ചേര്‍ന്നിട്ട്. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അനീഷ് തോമസ്. സൈന്യത്തില്‍ ചേരുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു. അനീഷ് കായികരംഗത്ത് സജീവമായിരുന്നു. വായനശാലയിലും പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പൂര്‍ണ ബഹുമതികളോടെ അടക്കം ചെയ്യും. കൊവിഡ് പ്രോട്ടോക്കോള്‍  പാലിച്ചായിരിക്കും പൊതുദര്‍ശനം. 


 

click me!