'കൊറോണയും നശിക്കും'; അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍

By Web TeamFirst Published Nov 6, 2020, 8:38 PM IST
Highlights

അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍. വനോറ റോബോട്ട്സ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ചുരുങ്ങിയ ചെലവിൽ വേഗത്തില്‍ അണുനശീകരണം നടത്തുന്ന ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്

കോഴിക്കോട്: അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍. വനോറ റോബോട്ട്സ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ചുരുങ്ങിയ ചെലവിൽ വേഗത്തില്‍ അണുനശീകരണം നടത്തുന്ന ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മുറിയില്‍ ഘടിപ്പിക്കുന്ന അള്‍ട്രാവയലറ്റ് ടവറുകള്‍ ഉപയോഗിച്ചാണ് ഈ അണുനശീകരണം. ടവറുകളില്‍ നിന്ന് പുറപ്പെടുന്ന ടൈപ്പ് സി അള്‍ട്രാവയലറ്റ് രശ്മികളാണ് പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകളേയും കൊറോണ വൈറസ് ഉള്‍പ്പടെയുള്ളവയേയും നശിപ്പിക്കുന്നത്. 

കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണന്‍ നമ്പ്യാര്‍, കോഴിക്കോട് സ്വദേശികളായ അര്‍ജുന്‍ നമ്പ്യാര്‍, ചോലപ്പുറത്ത് രോഹിത് എന്നിവരാണ് ഈ ടവറിന് പിന്നില്‍. മൊബൈല് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്.

വനോറ റോബോട്ട്സ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി അണുനശീകരണം നടത്തുന്ന റോബോട്ടുകളെയാണ് ആദ്യം ഉണ്ടാക്കിയിരുന്നത്. മൂന്ന് ലക്ഷം രൂപ വിലവരുന്നത് കൊണ്ട് തന്നെ വലിയ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും മാത്രമേ ഈ റോബോട്ടിന്‍റെ സേവനം ഉപയോഗപ്പെടുത്താനാകുമായിരുന്നുള്ളൂ. 

എന്നാൽ വീടുകളിലെത്തി അണുനശീകരണം നടത്താനായി ഈ കമ്പനി അള്‍ട്രാവയലറ്റ് ടവര്‍ പ്രത്യേകം തയ്യാറാക്കുകയായിരുന്നു. ചുരുങ്ങിയ ചെലവില്‍ വീടുകളിലും സ്ഥാപനങ്ങളിലും അണുനശീകരണം സാധ്യമാകും എന്നതാണ് അള്‍ട്രാവയലറ്റ് ടവറുകളുടെ പ്രത്യേകത.

click me!