'ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം, ചെന്നൈ ഐഐടി നിഗൂഢദ്വീപ്; ആഞ്ഞടിച്ച് എംകെ സ്റ്റാലിന്‍

By Web TeamFirst Published Nov 15, 2019, 1:24 PM IST
Highlights

'വിദ്യാര്‍ഥിനിയെ അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമെന്ന് കരുതിയാണ് മദ്രാസ് ഐഐടിയില്‍ ചേര്‍ത്തത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനകരവും തലകുനിപ്പിക്കുന്നതുമാണ്'

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢദ്വീപാണ് മദ്രാസ് ഐഐടിയെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. ക്യാമ്പസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അ‍ത്തരം ജാതിമത വിവേചനങ്ങളും ചിലരുടെ നടപടികളുമാണ് ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വിദ്യാര്‍ഥിനിയെ അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമെന്ന് കരുതിയാണ് മദ്രാസ് ഐഐടിയില്‍ ചേര്‍ത്തത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനകരവും തലകുനിപ്പിക്കുന്നതുമാണ്. സുതാര്യമായ അന്വേഷണത്തോടെ കേസിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ ഐഐടി മദ്രാസിലേക്ക്  മാർച്ച്  നടത്തി.

ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളും പ്രപതികരണവുമായി രംഗത്തെത്തി. കേസിനെക്കുറിച്ച് തമിഴ്നാട് പൊലീസ് മേധാവിയോട് സംസ്ഥാന ഡിജിപി സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടത്. കൃത്യമായ അന്വേഷണം നടത്തുമെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ ഉറപ്പ് നൽകിയിട്ടുണ്ട്. എം നൗഷാദിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകനെ ചോദ്യം ചെയ്തു...

വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ജാതിയ വേർതിരിവ് നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ഇക്കാര്യങ്ങള്‍ ഗൗരവമായി കാര്യങ്ങൾ കാണണമെന്നും മന്ത്രി കെ ടി ജലീലും പ്രതികരിച്ചു. 'ഫാത്തിമയുടെ മരണത്തില്‍ നിഷ്‍പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനം എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിവേചനത്തെ തുടർന്നുള്ള ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് കേന്ദ്രസർക്കാർ ഇത് പരിശോധിക്കണം.  ഫാത്തിമയുടെ കേസിൽ സംസ്‌ഥാന സർക്കാർ ചെയ്യാനാവുന്നതെല്ലാം ചെയ്യും ഫാത്തിമ വിവേചനം നേരിട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകും'. മതപരമായ വിവേചനം നേരിട്ടിരുന്നു എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. 

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിന്...

പ്രതിഷേധം ശക്തം ഫാത്തിമയുടെ മാതാപിതാക്കള്‍ തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണും 

അതിനിടെ  മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിനകത്തും പുറത്തും പ്രതിഷേധം ശക്തമായി. ഡയറക്ടര്‍ ഭാസ്കര്‍ സുന്ദരമൂര്‍ത്തിയുടെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഡിഎംകെയും യൂത്ത് കോണ്‍ഗ്രസും എസ്എഫ്ഐയും ഐഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഫാത്തിമയുടെ മാതാപിതാക്കള്‍ അല്‍പസമയങ്ങള്‍ക്കകം തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കും.  

ഫാത്തിമയുടെ നീതിക്കായി രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. ഒരാഴ്ച പിന്നിടുമ്പോഴും ഫാത്തിമ ലത്തീഫിന്‍റെ മരണത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ മദ്രാസ് ഐഐടി തയാറായിട്ടില്ല. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്ന് മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പോലും ഐഐടി നടത്തിയിട്ടില്ല. ഒരാഴ്ച പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

അതേസമയം ഫാത്തിമയ്ക്ക് മതപരമായ വേര്‍തിരിവ് നേരിട്ടെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. കേസ് ഏറ്റെടുത്ത് തമിഴ്നാട് ക്രൈബ്രാഞ്ച് സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെ ആരോപണവിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. സഹപാഠികളെ ഉള്‍പ്പടെ ചോദ്യം ചെയ്തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.ഫാത്തിമ ക്യാന്‍റീനില്‍ ഉള്‍പ്പടെ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടെന്ന് സഹപാഠികല്‍ മൊഴി നല്‍കിയിട്ടുണ്ട്. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

click me!