Asianet News MalayalamAsianet News Malayalam

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകനെ ചോദ്യം ചെയ്തു

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ഫാത്തിമയുടെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു

Malayali student commits suicide in Madras IIT , police questioned teacher
Author
Chennai, First Published Nov 14, 2019, 6:24 PM IST

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ചോദ്യം ചെയ്തു.  ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ മടങ്ങിയെത്തിയ സുദര്‍ശന്‍ പത്മനാഭനെ ഒന്നരമണിക്കൂറോളം സമയമാണ് അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വിശദീകരിച്ചു.

തമിഴ്നാട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ അഡീഷണല്‍ കമ്മീഷ്ണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ഫാത്തിമയുടെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 

ഫാത്തിമ കാന്‍റീനില്‍ ഉള്‍പ്പടെ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ 25 ഓളം പേരെ ചോദ്യം ചെയ്തു. ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല. അഡീഷ്ണല്‍ കമ്മീഷ്ണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്തിലുള്ള ക്രൈബ്രാഞ്ച് സംഘത്തിനാണ് പുതിയ അന്വേഷണ ചുമതല. ഫാത്തിമ ലത്തീഫ് ക്യാമ്പസില്‍ മതപരമായ വേര്‍തിരിവ് നേരിട്ടെന്ന ആരോപണം ഐഐടി അധികൃതര്‍ നിഷേധിച്ചു.

ഇത് ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ആത്മഹത്യാക്കുറിപ്പുള്ള പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫാത്തിമയുടെ മരണത്തില്‍ സത്യം പുറത്ത് വരണമെന്നും നീതി ലഭിക്കണമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെസ്റ്റാലിന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios