
തിരുവനന്തപുരം: കൊവിഡ് (Covid 19 ) പ്രതിസന്ധി നീങ്ങി എല്ലാമേഖലയും സാധാരണ നിലയിലാകുമ്പോൾ വലിയ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ് ചൈനയിൽ പഠിക്കുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ (Medical Students). അനുമതിയില്ലാത്തതിനാൽ ഇതുവരെ മടങ്ങിപ്പോകാനാകാത്ത ഇവർക്ക് അനിവാര്യമായ ക്ലിനിക്കൽ പരിശീലനം 2 കൊല്ലമായി മുടങ്ങിയിരിക്കുകയാണ്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയ എത്തിയ നൂറുകണക്കിന് വിദ്യാർത്ഥികൾ മെഡിക്കൽ പരിശീലനത്തിന് അവസരം ചോദിച്ചിട്ടും നിഷേധിക്കുന്നതായാണ് പരാതി. തുടർപഠനം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
യുക്രൈനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബജറ്റിൽ ധനസഹായം ഉറപ്പാക്കിയ സർക്കാർ കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥികളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയവർക്ക് സർക്കാർ വേഗത്തിൽ തുടർപഠന സഹായം പ്രഖ്യാപിച്ചപ്പോൾ, ഇവരാകട്ടെ ക്ലിനിക്കൽ പരിശീലനത്തിന് കേരളത്തിൽ അവസരം നൽകണമെന്നാവശ്യപ്പെട്ട് വാതിലുകൾ മുട്ടുകയാണ്.
ഓൺലൈനിൽ ക്ലാസുകളുണ്ടെങ്കിലും ക്ലിനിക്കൽ അഥവാ ചികിത്സാ പരിശീലനം നിർബന്ധമാണ്. അതാണ് 2 വർഷമായി മുടങ്ങിയിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് മുതൽ മെഡിക്കൽ കൗൺസിലിന് വരെ അപേക്ഷ നൽകി. അനുകൂല നിലപാടുകളുമുണ്ടായി. പക്ഷെ തീരുമാനമാണ് ഇല്ലാത്തത്.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 ജനുവരിയിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയത് മൂവായിരത്തോളം വിദ്യാർത്ഥികളാണ്. മുടക്കമില്ലാതെ ഓൺലൈൻ ക്ലാസുകൾ തുടരുന്നു. എന്നാൽ ചൈനയിലേക്ക് മടങ്ങാൻ അനുമതി ഇല്ലാത്തതിനാൽ പ്രാക്ടിക്കൽ പരിശീലനം മുടങ്ങി. കോഴ്സ് പൂർത്തിയാക്കുന്നതിന് നാട്ടിൽ തന്നെ പരിശീലനം നടത്താൻ ചൈനയിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് അനുമതി നൽകി. ഈ അഭ്യർത്ഥനയുമായി ആരോഗ്യവകുപ്പിനെ പലതവണ സമീപിച്ചിട്ടും അവഗണന മാത്രം. ഇതോടെയാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്.
ക്ലാസുകൾ ഓൺലൈനായി മാത്രം തുടരുന്നതിനാൽ ചില ബാങ്കുകൾ ഗഡുക്കളായി നൽകി വന്ന വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ഫീസും മുടങ്ങുന്ന അവസ്ഥ. വർഷങ്ങൾ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഭാവിയിലെ അനിശ്ചിതത്വം തുടരുന്നു.
മെഡിക്കൽ പരിശീലനത്തിന് നാട്ടിൽ തന്നെ അവസരമൊരുക്കി തുടർപഠനം ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയ ഈ വിദ്യാർത്ഥി സമൂഹം.
23,000ത്തിലധികം പേരാണ് ഇന്ത്യയിൽ നിന്ന് മാത്രം ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികളുള്ളതെന്നാണ് അനുമാനം. നല്ലൊരു പങ്ക് കേരളത്തിൽ നിന്നാണ്. പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുന്നതിനാൽ ശനിയാഴ്ച്ച സെക്രട്ടറിയറ്റിന് മുന്നിൽ കൂട്ടായ്മ സംഘടിപ്പിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam