കന്യാസ്ത്രീകളുടെ ജാമ്യത്തിൽ 3 സാധാരണ ഉപാധികൾ മാത്രം, വിവരങ്ങൾ പുറത്ത്; കോടതിയിൽ പ്രതീക്ഷയെന്ന് അഭിഭാഷകൻ

Published : Aug 02, 2025, 12:33 PM IST
nuns bail

Synopsis

അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്

ദില്ലി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ പ്രതികരിച്ചു.

ഇന്നലെ തന്നെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ആദ്യം തന്നെ കോടതി വിധി പറയുകയായിരുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. ഒൻപത് ദിവസമായി ജയിലിൽ കഴിയുകയായിരുന്ന കന്യാസ്ത്രീകൾ ഇന്ന് തന്നെ ജയിൽ മോചിതരാകും.

അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ദുർഗിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ചുമത്തിയത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്. ജാമ്യം കിട്ടിയാലും എഫ്ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എം പിമാര്‍ പ്രതികരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം