മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് പരിഹാരം, ധാരണയിൽ ഒപ്പുവച്ചു, മുൻ എംഎൽഎ ശ്രീനിജന് വിമർശനം

Published : Jun 16, 2026, 12:22 AM IST
malayidam thuruth land dispute

Synopsis

മുൻ എംഎൽഎ ശ്രീനിജിൻ വിഷയത്തി ഇടപെട്ടില്ല. ചർച്ചക്ക് ഇടം ഉണ്ടായിരുന്നെങ്കിൽ 3 വർഷം മുൻപ് പ്രശ്നം തീരുമായിരുന്നുവെന്നും ശങ്കരൻ നായരുടെ കുടുംബം

കാക്കനാട്: 60 വർഷത്തോളം നീണ്ടുനിന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ കടുത്ത ഭൂമി തർക്കത്തിന് ഒടുവിൽ രമ്യമായ പരിഹാരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഒത്തുതീർപ്പ് കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പുവെച്ചു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ദളിത് കുടുംബങ്ങളും ഭൂവുടമകളും സർക്കാരും തമ്മിൽ ഈ നിർണായകമായ ധാരണയിലെത്തിയത്. മലയിടം തുരുത്തിലെ ദളിത് കുടുംബങ്ങളും സർക്കാരും ഭൂ ഉടമകളും തമ്മിലുണ്ടാക്കിയ ധാരണപത്രം എറണാകുളം കളക്ടറേറ്റിൽ വച്ചാണ് ഒപ്പുവച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും, കുന്നത്തുനാട് എം എൽ എ യും ആണ് ധാരണയ്ക്ക് സാക്ഷികളായത്.

കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പിട്ടുവെന്നും എജി വഴി നിയമപരമായ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിശദമാക്കി. മലയിടം തുരുത്തിലെ കാര്യങ്ങളിൽ കരാറിൽ പറഞ്ഞ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. മേൽനോട്ടം വഹിക്കുന്ന ആർഡിഒയും ഡിവൈഎസ്പയും എല്ലാ വെള്ളിയാഴ്ചയും റിപ്പോർട്ട്‌ നൽകുമെന്നും മന്ത്രി വിശദമാക്കി. പതിറ്റാണ്ടുകൾ നീണ്ട വിഷയത്തിനാണ് പരിഹാരം കണ്ടതെന്നും ഇതിനായി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുന്നത്തുനാട് എംഎൽഎ വ പി സജീന്ദ്രൻ എംഎൽഎ പ്രതികരിച്ചു. ആരുടേയും കണ്ണീർ വീഴാതെ പരിഹരിക്കണം എന്നായിരുന്നു ആഗ്രഹമെന്നും അത് സാധിച്ചുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കരാറിലെ നിബന്ധനകൾ പാലിക്കാൻ ഒരുവർഷമാണ് കാലാവധി. അതിന് മുൻപ് പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നതെന്നും വീടിന്റെ നിർമാണം കൂടി പൂർത്തിയാൽ മാത്രമേ ലക്ഷ്യം പൂർത്തിയാകൂവെന്നും എംഎൽഎ വിശദമാക്കി.

നിരവധി തവണ ചർച്ച നടന്നുവെന്നും സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് അനുകൂലമായ നിലപാട് ഉണ്ടായിയെന്നുമാണ് ശങ്കരൻ നായരുടെ കുടുംബം പ്രതികരിക്കുന്നത്. മാനുഷിക പരിഗണന എന്ന രീതിയിലാണ് പരിഹാരം കണ്ടത്. മുൻപ് 23 സെന്റ് സ്ഥലം നൽകിയിരുന്നു. എങ്കിലും പ്രശ്നം പരിഹരിക്കാൻ ഒരു ഇടപെടൽ എന്നാണ് വിചാരിച്ചത്. മുൻപേ തീരേണ്ട വിഷയം ആയിരുന്നുവെന്നും എല്ലാവർക്കും നല്ലത് വരട്ടെ എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും ശങ്കരൻ നായരുടെ കുടുംബം വിശദമാക്കുന്നത്. മുൻ എംഎൽഎ ശ്രീനിജിൻ വിഷയത്തി ഇടപെട്ടില്ല. ചർച്ചക്ക് ഇടം ഉണ്ടായിരുന്നെങ്കിൽ 3 വർഷം മുൻപ് പ്രശ്നം തീരുമായിരുന്നുവെന്നും ശങ്കരൻ നായരുടെ കുടുംബം വ്യക്തമാക്കി.

യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടൻ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു ഈ കുടിയൊഴിപ്പിക്കൽ ഭീഷണി. എപ്പോൾ വേണമെങ്കിലും പോലീസ് നടപടിയുണ്ടാകാം എന്ന വലിയ ഭീതിയിലും ആശങ്കയിലുമായിരുന്നു ഈ പ്രദേശത്തെ ഏഴ് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. കരാർ പ്രകാരം, നിലവിൽ തർക്കത്തിലായിരുന്ന അതേ ഭൂമിയിൽ നിന്ന് തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലം വീതം ഭൂവുടമ വിട്ടുനൽകാൻ സമ്മതിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ഒരു വർഷത്തിനുള്ളിൽ തന്നെ സർക്കാർ മുൻകൈ എടുത്ത് വീടുകൾ നിർമ്മിച്ച് നൽകുകയും ചെയ്യും. സ്പോൺസർഷിപ്പ് വഴിയാകും 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീടുകളുടെ നിർമ്മാണത്തിനുള്ള തുക കണ്ടെത്തുക. കൂടാതെ ഈ പുതിയ പ്ലോട്ടുകളിലേക്ക് ആവശ്യമായ റോഡ് സൗകര്യവും പഞ്ചായത്ത് വഴി ഒരുക്കുന്നതായിരിക്കും.

പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ ഈ കുടുംബങ്ങൾക്ക് ഇപ്പോൾ താമസിക്കുന്ന നിലവിലെ വീടുകളിൽ തന്നെ തുടർന്നും താമസിക്കാനുള്ള അനുവാദമുണ്ട്. കൂടാതെ അവർക്ക് അനുവദിച്ച സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനോ മാറ്റി നടുന്നതിനോ ഉള്ള അവകാശവും ഈ കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. ഭൂവുടമയായ പരേതനായ ശങ്കരൻ നായരുടെ കുടുംബവും അവിടെ തലമുറകളായി താമസിക്കുന്ന പുലയ സമുദായത്തിൽപ്പെട്ട ഏഴ് ദളിത് കുടുംബങ്ങളും തമ്മിലായിരുന്നു ഈ വലിയ നിയമപോരാട്ടം നടന്നിരുന്നത്. ഒടുവിൽ കോടതി വിധി ഭൂവുടമയ്ക്ക് അനുകൂലമാവുകയും രണ്ടാഴ്ചയ്ക്കകം കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസയച്ച് പി ശശി; വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം
ഇതാണ് മാറ്റമെന്ന് രാജീവ് ചന്ദ്രശേഖർ; 'നേമത്ത് മഴക്കെടുതിയിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണം അന്തിമഘട്ടത്തിൽ'