
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃ്ഷണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണൻ്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കുള്ള ശുപാർശ. അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിൽ എൻ പ്രശാന്തിനെതിരായ നടപടിയും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ് ചീഫ് സെക്രട്ടറി. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിൻ്റെ രീതിയെന്ന് ഇന്നും പ്രശാന്ത് വിമർശിച്ചു.
വൻവിവാദങ്ങൾക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ വിവരം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം. പൊലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ മൊബൈലുകൾ ഫോർമാറ്റ് ചെയ്ത് നൽകിയതോടെ ഹാക്കിംഗ് വാദം പൊളിഞ്ഞു. മെറ്റയുടേയും ഫോറൻസിക് ലാബിലെയും പരിശോധനയും ഹാക്കിംഗ് വാദം തള്ളി. ഗോപാലകൃഷ്ണനെതിരെ താക്കീതോ ശാസനയോ വരാം. സസ്പെൻഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയെന്ന് ഉറപ്പിക്കാൻ ഒരുപക്ഷെ വകുപ്പ് തല അന്വേഷണവും വന്നേക്കാം.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി ശുപാർശ. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാൽ വിശദീകരണം പോലും തേടാതെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ. പ്രശാന്തിൻ്റെ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരൻ്റെ വസ്തുതാ റിപ്പോർട്ട്. താൻ വിസിൽ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമർശനം തുടരുമെന്നുമായിരുന്നു പ്രശാന്തിൻ്റെ ഇന്നത്തെ പോസ്റ്റിലെ വെല്ലുവിളി. ഐഎഎസ് ഉദ്യോഗസ്ഥർ കൈവിട്ട് പോര് തുടർന്നിട്ടും സർക്കാറിൻ്റെ മെല്ലെപ്പോക്ക് വിമർശനവിധേയമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam