'സുധാകരൻ ആദ്യം ലക്ഷ്യം വെച്ചത് എന്നെ', കോൺഗ്രസിനെ നയിക്കാൻ 200% യോഗ്യനല്ല', വിമർശിച്ച് മമ്പറം ദിവാകരൻ

By Web TeamFirst Published Nov 29, 2021, 6:59 PM IST
Highlights

ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ. പുതിയ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്ന് മമ്പറം ദിവാകരൻ ആരോപിച്ചു. അതു കൊണ്ടാണ് രണ്ട് ടേം മത്സരം എന്ന നിയമം കൊണ്ടു വന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ വികസനത്തിന് സ്റ്റേ നൽകിയ വ്യക്തിയാണ് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് നാമനിർദ്ദേശം നൽകിയതെന്നും ദിവാകരൻ കുറ്റപ്പെടുത്തി. 

സുധാകരൻ കോൺഗ്രസ് പ്രസിഡന്റ് ആകാതിരിക്കാൻ താൻ മാക്സിമം ശ്രമിച്ചിരുന്നതായും ദിവാകരൻ വെളിപ്പെടുത്തി. കോൺഗ്രസിനെ നയിക്കാൻ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയായിരുന്നു സുധാകരൻ. അതിനാൽ പ്രതിഡന്റ് ആക്കാതിരിക്കാൻ താൻ ശ്രമിച്ചിരുന്നു. ഇപ്പോൾ പ്രസിഡന്റ് ആയതിനാൽ പരസ്യമായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.

എന്നാൽ കണ്ണൂരിൽ മമ്പറം ദിവാകരനെതിരെയടക്കം എടുത്തത് അച്ചടക്ക നടപടിയാണെന്നും പാർട്ടി തീരുമാനം ലംഘിച്ചാൽ അച്ചടക്ക നടപടി സ്വാഭാവികമാണെന്നുമാണ് സുധാകരന്റെ പ്രതികരണം. അച്ചടക്ക നടപടിക്ക് വലിയ ആളെന്നോ ചെറിയ ആളെന്നോ വ്യത്യാസമില്ലെന്നും കെ സുധാകരൻ പറഞ്ഞു. 

കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലിൽ കലാശിച്ചത്. ദിവാകരൻ കഴിഞ്ഞ 25 കൊല്ലമായി ഭരിക്കുന്ന ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ കടിഞ്ഞാൻ പിടിക്കാൻ കെ സുധാകരൻ നടത്തുന്ന നീക്കം എളുപ്പം വിജയിക്കാനിടയില്ല.

തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈരത്തിന്റെ ക്ലൈമാക്സാണ് പുറത്താക്കൽ. 1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്റെ നില പരുങ്ങലിലായി. 

ബ്രണ്ണൻ വിവാദത്തിൽ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരൻ സുധാകരനെതിരെ പല സമയത്തും രംഗത്തെത്തി. അതോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിയുടെ തലപ്പത്ത് രണ്ടര പതിറ്റാണ്ടായി തുടരുന്ന ദിവാകരന്റെ ചിറകരിയാൻ  സുധാകരൻ ക്യാംപ് പാർട്ടി പാനലിനെ മത്സര രംഗത്തിറക്കിയത്. പാർട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പാനലിനെ മത്സരിപ്പിക്കുന്നു എന്ന കാരണം പറ‍ഞ്ഞാണ് കെപിസിസി അംഗം കൂടിയായ ദിവാകരനെ  പുറത്താക്കിയത്. പാർട്ടിക്ക് പുറത്താണെങ്കിലും ഡിസംബർ 5 ന് നടക്കുന്ന ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം.

click me!