
കൊച്ചി: ചെലവന്നൂരിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി . യുവാക്കളുടെ ദേഹത്ത് ടാർ ഒഴിച്ച തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പൻ്റെ അറസ്റ്റാണ് നിലവിൽ എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ടി.ജെ. മത്തായി ആൻഡ് കമ്പനിയിലെ കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് പരിക്കേറ്റവരുടെ പരാതി. വാഹനയാത്രക്കാർ ആക്രമിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന ടാർ ഇവരുടെ ദേഹത്ത് വീണുവെന്നാണ് പ്രതികളുടെ വാദം. കൂടുതൽ വ്യക്തതയ്ക്കായി സിസിടിവി അടക്കം പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ചെലവന്നൂർ സ്വദേശികളായ വിനോദ് വർഗീസ്, സഹോദരൻ വിനു, സുഹൃത്ത് ജിജോ എന്നിവരുടെ ദേഹത്താണ് ഇന്നലെ ടാർ ഒഴിച്ചത്.
കൊല്ലം: കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികൻ മർദിക്കുകയും കാറിനൊപ്പം പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വർക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകൻ കൂടിയായ ഷിബു എന്നയാളാണ് പൊലീസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയാണ് പ്രതി ടോൾ പ്ലാസ് ജീവനക്കാരനായ യുവാവിനെ മർദിച്ചത്.
കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. ടോൾ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കാർ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് അരുണ്‍ പറയുന്നു.
അരുണിനെ കാറിൽ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ആക്രമണത്തിൽ പരിക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു