നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാറിന് പുതിയ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി.

നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാറിന് പുതിയ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാറിന് മുന്നിൽ വെച്ചത്. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്. 

ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ശമ്പള വിതരണം വൈകുന്നതിൽ KSRTC സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് കേരള ഹൈക്കോടതി നടത്തിയത്. ഇതിനിടെ ഈ മാസം പതിനേഴിന് മാനേജ്മെൻ്റിനേയും അംഗീകൃത തൊഴിലാളി യൂണിയനുകളേയും ഗതാഗത മന്ത്രി ആൻ്റണി രാജു ചർച്ചയ്ക്ക് വിളിച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും. 

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൻ്റെ ബലപ്പെടുത്തൽ ആരംഭിക്കുന്നു 

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ബലപ്പെടുത്താനുളള പ്രവൃത്തികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതിനാവശ്യമായ ചെലവ് കെടിഡിഎഫ്‍സി വഹിക്കും. പ്രവൃത്തി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കെട്ടിടത്തിന്‍റെ ഭൂരിഭാഗം തൂണുകള്‍ക്കും ബലക്കുറവ് ഉണ്ടെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട്. 

കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ സംബന്ധിച്ച് നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈ ഐഐടി സംഘം അന്തിമ റിപ്പോര്‍ട്ട സമര്‍പ്പിച്ചത്. പ്രാഥമിക റിപ്പോര‍്ട്ടില്‍ ചൂണ്ടിക്കാട്ടിയതു പ്രകാരം കെട്ടിടത്തിന്‍റെ രൂപകല്‍പനയില്‍ പ്രശ്നമുണ്ടെന്നാണ് അന്തിമ റിപ്പോര്‍ട്ടിലും പറയുന്നത്. തൂണുകള്‍ക്കാണ് പ്രധാനമായും ബലക്ഷയമുളളത്. 

എന്നാല്‍ ഏഴ് നിലകളിലായുളള കെട്ടിടത്തിന്‍റെ ഭാരം താങ്ങാന്‍ കഴിയുന്ന വിധത്തില്‍ കന്ുിയും സിമന്‍റും ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഐഐടി സംഘത്തിനുളളത്. ഇത് വ്യക്തമാകണമെങ്കില്‍ ഭൂമിക്കടിയില്‍ നടത്തിയ പയലിംഗ് പരിശോധിക്കണം. വേണ്ടത്ര ഉറപ്പില്ലെങ്കില്‍ കോണ്‍ക്രീറ്റ് നിറച്ച് ബലപ്പെടുത്തേണ്ടി വരും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. ബസ് സ്റ്റാന്‍റ് മാറ്റാതെ തന്നെയാകും അറ്റക്കുറ്റപ്പണികള്‍ പൂര്ത്തി‍യാക്കുകയെന്ന് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. 

ചെന്നൈ ഐഐടി സംഘത്തിന്‍റെ മേല്‍നോട്ടത്തിലാകും അറ്റകുറ്റപ്പണികള്‍. അറ്റകുറ്റപ്പണികള്‍ക്ക് എത്ര തുക വേണ്ടി വരുമെന്നതടക്കമുളള റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സംഘം സര‍്ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് ഇത്തരം പ്രവൃത്തികള്‍ ചെയ്ത് പരിചയമുളള എംപാനല്‍ ചെയ്ത കന്പനികളുടെ പട്ടിക തയ്യാറാക്കും. തുടര്‍ന്ന് കെടിഡിഎഫ്‍സി ടെന്‍ഡറിലൂടെയാകും കന്പനിയെ തെരഞ്ഞെടുക്കുക. ഇതിനാവശ്യമായ ചെലവ് തല്‍ക്കാലം കെടിഡിഎഫ്‍സി വഹിക്കും. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീഴ്ച വരുത്തിയവരില്‍ നിന്ന് തുക ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.