'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ

Published : Dec 22, 2025, 11:38 PM IST
Lottery  Arrest

Synopsis

കണ്ണൂർ അടക്കാത്തോടിലെ ബെന്നി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതിൽ തടസ്സമില്ലെന്നും പറഞ്ഞിരുന്നുവെന്നാണ് ബെന്നിയുടെ വാദം.

കണ്ണൂര്‍: കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ. കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ അവസാന കച്ചിത്തുരുമ്പായി സമ്മാനക്കൂപ്പൺ പുറത്തിറക്കിയ കണ്ണൂർ അടക്കാത്തോടിലെ ബെന്നി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി വകുപ്പിന്റെ പരാതിയിലാണ് പൊലീസ് നടപടി. ബെന്നിയുടെ വീട്ടിൽ നിന്നും സമ്മാനകൂപ്പണുകളും കൗണ്ടർ ഫോയിലുകളും പൊലീസ് പിടിച്ചെടുത്തു.

1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി വീടും, സ്ഥലവും, കാറും, ബൈക്കുമെല്ലാം വാഗ്ദാനം ചെയ്തായിരുന്നു ബെന്നിയുടെ കൂപ്പണ്‍ പദ്ധതി. കൂപ്പൺ വിറ്റ് നറുക്കെടുപ്പിനുള്ള തിയതിയും പ്രഖ്യാപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിന്റെ പരാതി. പിന്നാലെ കേസും അറസ്റ്റും. നറുക്കെടുപ്പ് നടത്തുന്നത് ലോട്ടറി നിയമത്തിന്റെ ലംഘനമെന്നാണ് പരാതി. കേളകം പൊലീസ് ബെന്നിയുടെ വീട്ടിൽ നിന്നും കൂപ്പണുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുത്തു. അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായിരുന്നു ബെന്നിയുടെ നീക്കം. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന ബെന്നി തോമസ് 2006 ൽ സ്പോൺസറുടെ സഹായത്തോടെ സ്പെയർ പാർട്സ് കട തുടങ്ങി. സ്പോൺസർ മരിച്ചതോടെ സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന സ്പോൺസറുടെ മകനെ മറ്റൊരു കേസിൽ പൊലീസ് പിടിച്ചു, കട പൂട്ടി. വീട് പണയപ്പെടുത്തി 55 ലക്ഷം രൂപ വായ്പയായി എടുത്തായിരുന്നു സ്ഥാപനം തുടങ്ങിയത്. ഇത് പൂട്ടിയതോടെ ബെന്നി സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ഭാര്യക്ക് ക്യാൻസർ സ്ഥിരീകരിക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയായി.

തുടക്കത്തിൽ ബെന്നിയുടെ കൂപ്പണ്‍ പദ്ധതിക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. ഒന്നാം സമ്മാനം 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും രണ്ടാം സമ്മാനം യൂസ്ഡ് ഥാർ കാർ, മൂന്നാം സമ്മാനം യൂസ്ഡ് മാരുതി സെലേറിയോ കാർ, നാലാം സമ്മാനം പുതിയ എൻഫീൽ‍ഡ് ബുള്ളറ്റ് എന്നിവയാണ് പ്രഖ്യാപിച്ചത്. കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതിൽ തടസ്സമില്ലെന്നും പറഞ്ഞിരുന്നുവെന്നാണ് ബെന്നിയുടെ വാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു
സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ