
പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വെച്ചുച്ചിറ സ്വദേശി സാമ്പിൾ എന്ന സുനു (25) വിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 13 രാത്രിയിലാണ് പെരുന്തേനരുവി അണക്കെട്ടിന്‍റെ ഷട്ടർ സാമൂഹ്യ വിരുദ്ധർ തുറന്ന് വിട്ടത്.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായിട്ടുണ്ടെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്. സാമൂഹ്യ വിരുദ്ധർ ഡാമിന്‍റെ ഒരു ഷട്ടർ പൂർണമായും തുറന്നിരുന്നു. നദിയിൽ ആളുകൾ ഇറങ്ങുന്ന സമയമായിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നുമുള്ള പ്രാഥമിക റിപ്പോർട്ട് കെഎസ്ഇബി കലക്ടർക്ക് സമർപ്പിച്ചു. ജില്ലയിലെ മുഴുവൻ ഡാമുകളുടെയും സുരക്ഷാ പരിശോധന ഉറപ്പ് വരുത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി ഡാമിന് സെക്യൂരിറ്റി ജീവനക്കാർ ഇല്ലെന്ന് ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഡാം തുറക്കുന്നതിനുള്ള റിമോട്ട് ടൈപ്പ് സ്വിച്ച് ഉപയോഗിച്ച് തുറന്ന് വിട്ടത് സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
കെഎസ്ഇബിയുടെ പരാതിയെത്തുടർന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 20 മിനിട്ടിലധികം നേരം വെള്ളം നദിയിലൂടെ ഒഴുകിപ്പോയി. സമീപത്ത് കിടന്നിരുന്ന കടത്ത് വളളത്തിന് സാമൂഹ്യ വിരുദ്ധർ തീയിടുകയും ചെയ്തു. വള്ളം കത്തുന്നത് കണ്ടെത്തിയ പ്രദേശവാസിയായ റോയി എന്നയാളാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
വരണ്ട് കിടക്കുന്ന നദിയിലൂടെ വെള്ളമൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഷട്ടർ തുറന്നിട്ടുണ്ടാകാമെന്ന സംശയത്തിനിടയാക്കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഷട്ടർ അടയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പെരിനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ തഹസിൽദാരോടും ഡാം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോടും കലക്ടർ റിപ്പോർട്ട് തേടിയിരുന്നു.
പ്രളയത്തിൽ പെരുന്തേനരുവി ജല പദ്ധതിയുടെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയതിനാൽ വൈദ്യുതോത്പാദനം കുറച്ചിരുന്നു. 6 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. സാമൂഹ്യവിരുദ്ധർക്ക് ഷട്ടർ തുറന്ന് വിടാനായത് ഡാം സുരക്ഷയിൽ വലിയ വീഴ്ച ഉണ്ടായതിന്‍റെ തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam