മുത്തലാഖ് നിരോധന നിയമം; കോഴിക്കോട് അറസ്റ്റിലായ യുവാവിന് ജാമ്യം

By Web TeamFirst Published Aug 16, 2019, 4:46 PM IST
Highlights

ഈ മാസം ഒന്നിന്  ഉസാം  ഭാര്യവീട്ടിലെത്തി പിതാവിന്‍റേയും ബന്ധുക്കളുടേയും മുന്നില്‍ വെച്ച്  ഒന്നും രണ്ടും മൂന്നും തലാഖ്  ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തി ഇറങ്ങി പോവുകയായിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു.

കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട കോഴിക്കോട് മുക്കം ചുള്ളിക്കാപറമ്പ് കണ്ടങ്ങൂര്‍ ഹൗസില്‍ ഇ കെ ഉസാമിന് ജാമ്യം. മുക്കം തടപ്പറമ്പ് സ്വദേശിനിയുടെ പരാതിയിലാണ് ഉസാമിനെ അറസ്റ്റ് ചെയ്തത്.

ഈ മാസം ഒന്നിന്  ഉസാം  ഭാര്യവീട്ടിലെത്തി പിതാവിന്‍റേയും ബന്ധുക്കളുടേയും മുന്നില്‍ വെച്ച്  ഒന്നും രണ്ടും മൂന്നും തലാഖ്  ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തി ഇറങ്ങി പോവുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. യുവതി താമരശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്ന് മുക്കം പൊലീസ് പ്രതി ഉസാമിനെ അറസ്റ്റ് ചെയ്ത് താമരശേരി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

എന്നാല്‍ നിയമം ദുരൂപയോഗം ചെയ്ത കേസാണിതെന്ന് പ്രതിഭാഗം ആരോപിച്ചു. മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും വേര്‍പിരിയാന്‍ സമ്മതമെന്ന് യുവതി നേരത്തെ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ടെന്നുമാണ് ഉസാമിന്‍റെ വീട്ടുകാരുടെ വിശദീകരണം. 2011 മെയ് 25 നാണ് ഉസാം യുവതിയെ നിക്കാഹ് ചെയ്തത്. രണ്ടായിരത്തി പന്ത്രണ്ട് സെപ്തംബര്‍ ഒന്‍പതിന്  വിവാഹ ചടങ്ങുകളും നടന്നു. 

click me!