
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷണ കേസിൽ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22കാരൻ ഫാസിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായത്. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കുറെകൂടി ഉത്തരവാദിത്വം കാണിക്കണമെന്നുമാണ് പ്രതിയുടെ മൊഴി.
പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു പാലക്കാട്ടെ കെഎസ്ആർടിസി ബസ് മോഷണം. എസ്പി ഓഫീസിൻ്റെ 50 മീറ്റർ അടുത്ത് നിന്ന് ബസ് മോഷണം പോയിട്ടും പ്രതിയെ പിടികൂടാനാകാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങും എത്തിയിരുന്നില്ല. ഈ മാസം 7 ന് സംഭവശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ ഫാസിൽ ഇന്നാണ് പാലക്കാട് പൊങ്ങിയത്. വിവരം അറിഞ്ഞ് എത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയത് ബസ് ഓടിച്ചു നോക്കണമെന്ന ആഗ്രഹവുമായിട്ടാണെന്നാണ് പ്രതിയുടെ മൊഴി.
ഇടുങ്ങിയ റോഡുകളിലൂടെയാണ് ആദ്യം വാഹനം ഓടിച്ചത്. കെഎസ്ആർടിസി ജീവനക്കാർ പിന്തുടരുന്നുവെന്നറിഞ്ഞപ്പോൾ നഗരത്തോട് ചേർന്ന് ബസ് ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴിയുണ്ട്. പ്രതി ലഹരിക്കടിമയാണെന്നും സംഭവ സമയത്തും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. ഇയാളെ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇരുചക്രവാഹനത്തിൽ എത്തിച്ചത് കൂട്ടുകാരനാണ്. ഇയാൾക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam