വാഹന പരിശോധനയ്ക്കിടെ ഉദ്യോ​ഗസ്ഥനെ ആക്രമിച്ച് കടന്നു; കഞ്ചാവും മയക്കുമരുന്നുമായി പ്രതി പിടിയിൽ

By Web TeamFirst Published Aug 22, 2019, 3:21 PM IST
Highlights

പ്രതിയുടെ പക്കൽ നിന്ന് മൊബൈൽ കവറിൽ ഒളിപ്പിച്ച നിലയിൽ 390 ​ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്നതിനിടെ പ്രദേശത്തെ പുഴയില്‍ അജ്നാസ് തള്ളിയ അഞ്ച് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തിരുന്നു. 

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞ പ്രതിയെ സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടി. മലപ്പുറം സ്വദേശി അജ്നാസ് (26)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽനിന്നും അഞ്ച് കിലോ കഞ്ചാവും 390 ​ഗ്രാം എംഡിഎംഎ എന്നിവയും പൊലീസ് പിടികൂടിയിട്ടുണ്ട്.

KL 65 C 6864 നമ്പർ മാരുതി റിറ്റ്സ് കാറിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. മുത്തങ്ങയിലെ ബൈജു ചെക്ക് പോസ്റ്റിൽവച്ച് വാഹന പരിശോധനയ്ക്കിടെ അജ്നാസിന്റെ കാറിന്റെ ബോണറ്റ് തുറക്കാൻ ഉദ്യോ​ഗസ്ഥൻ ആവശ്യപ്പെട്ടു. എന്നാൽ, വാഹന പരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥരെ തള്ളിമാറ്റി അജ്നാസ് വാഹനവുമെടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് അതിർത്തിയായ ചീരാലിൽ വച്ച് പ്രതിയെ പൊലീസ് പിടികൂടി.

പ്രതിയുടെ പക്കൽ നിന്ന് മൊബൈൽ കവറിൽ ഒളിപ്പിച്ച നിലയിൽ 390 ​ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്നതിനിടെ പ്രദേശത്തെ പുഴയില്‍ അജ്നാസ് തള്ളിയ അഞ്ച് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തിരുന്നു. റോഡരികിൽ കാർ നിർത്തി അജ്നാസ് ബോണറ്റ് തുറന്ന് കുറച്ച് പൊതിക്കെട്ടുകൾ പുഴയിൽ വലിച്ചെറിഞ്ഞതായി കണ്ടെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പുഴയിൽ പരിശോധന നടത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോ​ഗസ്ഥനെ സുൽത്താൻ ബത്തേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

click me!