
അടിമാലി: വഴിയിൽ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിൽ തുടരുന്നതിനിടെയാണ് മരണം. ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണു കിട്ടിയ മദ്യം അനിൽ കുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും.
ജനുവരി എട്ടിന് രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. അടിമാലി അഫ്സര കുന്ന് സ്വദേശികളാണ് മൂന്ന് പേരും. അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനിൽ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.
ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ മദ്യം കഴിച്ചവരുടെ സുഹൃത്ത് സുധീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. വഴിയിൽ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam