
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് (Police) കസ്റ്റഡിയിലെടുത്ത (Custody) യുവാവ് മരിച്ചു. ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് (Suresh Kumar) മരിച്ചത്. ഇന്നലെ രാത്രിയാണ് സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ലം ജഡ്ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് സുരേഷ് അടക്കം അഞ്ചുപേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയോടെ റിമാന്‍റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചവേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
തിരുവനന്തപുരം: കോവളം എം എൽ എ വിൻസെന്‍റിന്‍റെ വാഹനം അടിച്ചു തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം അടിച്ചു തകർത്ത ഉച്ചക്കട സ്വദേശി സന്തോഷ് കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. അക്രമി മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണെന്ന് പൊലീസ് പറയുമ്പോൾ ആസൂത്രിത ആക്രണമെന്നാണ് എം എൽ എ യുടെ ആരോപണം. ബാലരാമപുരത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ രാവിലെ എട്ടുമണിയോടെയാണ് ഇരുമ്പ് ദണ്ഡുമായെത്തിയ സന്തോഷ് അടിച്ചു തകർത്തത്.
വാഹനത്തിന്‍റെ ചില്ലുകള്‍ പൂർണമായും തകർത്തു. മുല്ലപ്പെരിയാർ പൊട്ടാറായിട്ടും എം എൽ എ ഒന്നും ചെയ്യുന്നില്ലെന്ന് വിളിച്ചു പറഞ്ഞാണ് കാർ തർത്തത്. നാട്ടുകാർ സന്തോഷിനെ പിടികൂടി പൊലീസിന് കൈമാറി. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സന്തോഷ് പൊലീസിനോടും പറയുന്നത്. നാലു വർഷമായി ചില മാനസിക വിഭ്രാന്തികള്‍ സന്തോഷ് പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസിനോട് സന്തോഷിൻെറ അമ്മയും പറഞ്ഞു. എന്നാൽ സന്തോഷിനെ മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് പൊലീസ് ബോധപൂർവ്വം ചിത്രീകരിക്കുകയാണെന്ന് എം എൽ എ ആരോപിച്ചു, മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസ് സ്റ്റേഷനിലുമായി നിരന്തരമായ പരാതി നൽകുന്ന ശീലം സന്തോഷിനുണ്ട്. പക്ഷെ ഇതേവരെ കേസുകളിലൊന്നും പ്രതിയായിട്ടില്ലെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. ആറ്റിങ്ങൽ ഡി വൈ എസ്പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാജ സന്ദേശമെന്നാണ് സംശയം. പൊലീസ് ജാഗ്രത തുടരുകയാണ്. പരിശോധന തുടരുന്നുണ്ടെങ്കിലും സർവ്വീസുകളൊന്നും തടസപ്പെട്ടിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam