
മൂന്നാർ: ചിത്തിരപുരത്ത് ആല്‍ക്കഹോള്‍ കഴിച്ച് ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടമായി. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കഴിച്ചതാണ് അപകടത്തിനിടയാക്കിയത്. ചിത്തിരപുരത്ത് ഹോംസ്റ്റേ നടത്തുന്ന തങ്കപ്പൻ, സഹായി ജോബി, ചാലക്കുടി സ്വദേശിയായ സുഹൃത്ത് മനോജ് എന്നിവരാണ് മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലുള്ളത്. ഇതിൽ മനോജിന്‍റെ കാഴ്ച ഭാഗികമായി നഷ്ടമായി. തങ്കപ്പനും ജോബിയും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം സുഹൃത്ത് തങ്കപ്പനെ കാണാൻ വന്നപ്പോൾ മനോജ് മദ്യം കൊണ്ടുവന്നിരുന്നു. ഇത് തീർന്നപ്പോൾ മനോജിന്‍റെ കൈവശമുണ്ടായിരുന്ന സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ മൂവരും കുടിച്ചു. ചവർപ്പ് ഒഴിവാക്കാൻ തേൻ ചേർത്താണ് കുടിച്ചത്. മദ്യാപനത്തിന് ശേഷം അസ്വസ്ഥത തോന്നിയ മനോജ് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിന്നീട് അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
മദ്യം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന തങ്കപ്പനും ജോബിയും ഛർദ്ദി രൂക്ഷമായതിനെ തുടർന്ന് പുലർച്ചെ അടിമാലിയിലെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ ഇരുവരെയും കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിൽ ഓൺലൈൻ വ്യാപാര സൈറ്റിൽ നിന്നാണ് മനോജ് സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam